കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ വീടുകളില്‍ സന്ദര്‍ശനം നടത്തിയതുപോലെ പെരുന്നാള്‍ ദിനം മുസ്ലിം വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന ബിജെപി പ്രഖ്യാപനം നടപ്പായത് ചുരുക്കം ഇടങ്ങളില്‍ മാത്രമാണ്. പ്രധാന നേതാക്കളാരും മുസ്ലീം വീടുകള്‍
സന്ദര്‍ശിച്ചില്ല. നേതാക്കള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയിലാണ്. താഴെ തട്ടിലുളള പ്രവര്‍ത്തകര്‍ മാത്രമാണ് മുസ്ലിം വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.
മുസ്ലിം വീടുകളില്‍ പെരുന്നാള്‍ ദിനത്തിലെത്തി ഈദ് ആശംസകള്‍ നേരണമെന്ന് കേരളത്തിന്‍റെ ചുമതലയുളള പ്രഭാരി പ്രകാശ് ജാവദേക്കറായിരുന്നു ആഹ്വാനം ചെയ്തത്. പെരുന്നാളിന് മുന്നോടിയായി പ്രമുഖ മുസ്ലിം നേതാക്കളെ കാണാൻ ബിജെപി നേതാക്കള്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ഈസ്റ്റർ ദിനത്തിലും മറ്റും കിട്ടിയത് പോലുള്ള സ്വീകാര്യത കിട്ടില്ലെന്ന ഭയവും അണികളുടെ എതിർപ്പും കാരണമാണ് ഈ തണുപ്പൻ മട്ടെന്നാണ് സൂചന. ക്രിസ്ത്യൻ വോട്ടു ബാങ്കിലേക്കുള്ള പ്രവേശനം പോലെ മുസ്ലിം വോട്ടു ബാങ്കിലേക്ക് കടന്നു കയറാൻ എളുപ്പമല്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
അത് കൊണ്ട് ക്രിസ്ത്യൻ സമുദായത്തെ പ്രീണിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ തുടർന്നാലും ദേശീയ തലത്തിൽ മുസ്ലിം സമുദായത്തോട് സ്വീകരിക്കുന്ന സമീപനം തന്നെയാകും കേരളത്തിലുമെന്നാണ് സൂചനകള്‍. നേരത്തെ ശ്രീധരൻ പിള്ളയ്ക്കും ഒ രാജഗോപാലിനും മറ്റും ഉണ്ടായിരുന്നത് പോലെ മുസ്ലിം സമുദായ സംഘടനകളുമായി ബന്ധം പുലർത്തുന്ന നേതാക്കളൊന്നും ഇപ്പോഴത്തെ ബിജെപി നേതൃനിരയിലില്ലാത്തതും തീരുമാനം നടപ്പിലാക്കുന്നതിന് വെല്ലുവിളിയായെന്നാണ് വിവരം.
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ സന്ദർശനം നടത്തിയിരുന്നു. മെഴുകുതിരി കത്തിച്ച ശേഷം പ്രധാനമന്ത്രി പ്രാർത്ഥനയിൽ പങ്കെടുത്തു. ഇരുപത് മിനിറ്റോളം പളളിക്കുള്ളിൽ ചിലവഴിച്ച് പുരോഹിതരുമായും വിശ്വസികളുമായും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ വർഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു.