നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ നിലയ്ക്കാത്ത ചോദ്യങ്ങൾ ഉയരുമെന്നും മന്ത്രി പി. രാജീവ്. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള വേദിയായ പാർലമെൻ്റിനെ മോദി ഇല്ലാതാക്കി. ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഉന്നയിക്കുന്നത് സുപ്രീം കോടതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ ബിജെപി നേതാവിനെ വളരെ പെട്ടന്ന് തന്നെ ജഡ്ജിയാക്കി. മാധ്യമങ്ങൾ മഹാഭൂരിപക്ഷത്തേയും നിശബ്ദമാക്കുകയാണ് മോദി സർക്കാർ. മരണഭീതിയോട് കൂടി മാധ്യമ പ്രവർത്തനം നടത്തേണ്ടി വരുന്ന രാജ്യമായി ഇന്ത്യ മാറി.
മന്ത്രി പി. രാജീവ് നിരവധി ചോദ്യങ്ങൾ പ്രധാനമന്ത്രിയോട് ചോദിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ഏതെങ്കിലും ഒരു പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടിട്ടുണ്ടോ?, സ്റ്റാൻ സാമിക്ക് വെള്ളം കുടിക്കാൻ ഒരു സ്ട്രോ എങ്കിലും നൽകിയോ?, മുസ്ലീം ന്യൂനപക്ഷത്തിലെ ആരെങ്കിലും കേന്ദ്ര മന്ത്രിസഭയിലുണ്ടോ?, മുസ്ലീം ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നതിന് മറുപടിയുണ്ടോ?, വന്ദേ ഭാരത് എന്തിന് വൈകിച്ചു നിങ്ങൾ? തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് നാളെ തുടക്കമാകും. നാളെ വൈകീട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ബിജെപിയുടെ യുവം പരിപാടിയിൽ മോദി പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും.