തിരുവനന്തപുരം : രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിന്റെ ആവേശം പങ്കുവെച്ച് മലയാളത്തിൽ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേഭാരത് എക്‌സ്പ്രസ് നാടിന് സമർപ്പിക്കുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ഞാൻ ആകാംഷാഭരിതനാണെന്നും കേരളത്തിലെ 11 ജില്ലകൾക്ക് പ്രയോജനകരമായ വന്ദേഭാരത് സർവീസ് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ ട്വീറ്റ്
ഞാൻ ഏപ്രിൽ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംഷാഭരിതനാണ്. തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകൾ ഇതിൽ ഉൾപ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നാണ് മലയാളത്തിലുള്ള മോദിയുടെ ട്വീറ്റ്.
തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിടും. ഒരു ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിടും, അത് ഊർജ്ജസ്വലമായ നഗരത്തിന് ഒരു മികച്ച കൂട്ടിച്ചേർക്കലാകും.