സമീകൃതാഹാരം എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് മുട്ട. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരു പോലെ കഴിക്കാവുന്ന ഭക്ഷണം കൂടിയാണിത്. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ധാതുക്കൾ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. കുട്ടികൾക്ക് മുട്ട നൽകുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ പറയുന്നു.
കുട്ടിയുടെ ഭാരം നിയന്ത്രിക്കുന്നതിനും നിലനിർത്തുന്നതിനും മുട്ടകൾ വഹിക്കുന്ന പങ്ക് രണ്ട് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉയർന്ന പ്രോട്ടീൻ മുട്ട അടിസ്ഥാനമാക്കിയുള്ള പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികൾ ഉച്ചഭക്ഷണത്തിൽ കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂവെന്ന് ഒരു പഠനം കണ്ടെത്തി.
കുട്ടികൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ മുട്ട അടിസ്ഥാനമാക്കിയുള്ള പ്രഭാതഭക്ഷണം കഴിക്കുമ്പോൾ വിശപ്പ് മൊത്തത്തിൽ കുറയുന്നതായി മറ്റൊരു പഠനം കണ്ടെത്തി. ആ പ്രഭാതഭക്ഷണം കുട്ടികളുടെ പൂർണ്ണത 32% വർദ്ധിപ്പിക്കുകയും വിശപ്പ് 14% കുറയുകയും കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായ ഭക്ഷണത്തെ അപേക്ഷിച്ച് 30% കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുകയും ചെയ്തു. ആറു മാസം പ്രായമാകുമ്പോഴോ നിങ്ങളുടെ കുഞ്ഞിന് മുട്ട നൽകി തുടങ്ങാമെന്ന് കനേഡിയൻ പീഡിയാട്രിക് സൊസൈറ്റി വ്യക്തമാക്കുന്നു.
മുട്ട വ്യത്യസ്ത രീതികളിൽ പാചകം ചെയ്യാൻ സാധിക്കും. മുട്ട വേവിക്കുന്ന സമയം മുട്ടയുടെ രുചിയിലും ആരോഗ്യത്തിലും പ്രധാനമാണ്. മുട്ട 5-6 മിനിറ്റ് വേവിച്ചാൽ മതിയാകും. ഇത് ഫ്രിഡ്ജിൽ വച്ചുള്ള മുട്ടയായാലും പുറത്ത് വച്ചതായാലും. മുട്ട ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുൻപു തന്നെ നല്ലത് പോലെ കഴുകി തുടച്ച് വേണം വയ്ക്കുവാൻ. ഇതുപോലെ മുട്ട 5-6 മിനിറ്റ് വരെ വേവിച്ചില്ലെങ്കിൽ സാൽമൊണെല്ല പോലുളള ബാക്ടീരിയകൾ അണുബാധാ സാധ്യതയുണ്ടാക്കാനും സാധ്യതയുണ്ട്.
കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകാം. ഇതിലെ കൊളീൻ എന്ന ഘടകം തലച്ചോർ വികാസത്തിന് ഉത്തമമാണ്. പ്രത്യേകിച്ചും സ്‌കൂളിലും മറ്റും പോകുമ്പോൾ രാവിലെ പ്രാതലിന് ഇത് നൽകുന്നത് ഏറെ നല്ലതാണ്. ഊർജവും ഏകാഗ്രതയും ഓർമശക്തിയുമെല്ലാം നൽകാൻ ഇതേറെ നല്ലതാണ്.