വന്യജീവികളുടെ വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരമുണ്ട്. പ്രത്യേകിച്ചും ദേശീയോദ്ധ്യാനങ്ങളില്‍ നിന്നുള്ള വന്യമൃഗങ്ങളുടെ പോരാട്ടത്തിന്‍റെയും സ്നേഹപ്രകടനത്തിന്‍റെയും വീഡിയോകള്‍ ആളുകളെ വല്ലാതെ ആകര്‍ഷിക്കുന്നു. ഇത്തരം വീഡിയോകളില്‍ ഇരയും വേട്ടക്കാരനുമാണ് ഉള്ളതെങ്കില്‍ അതില്‍ കാഴ്ച്ചക്കാര്‍ ഒരു പോരാട്ടത്തിന്‍റെ ആവേശം കണ്ടെത്തുന്നു. അവര്‍ തുല്യ ശക്തരാണെങ്കില്‍ പോരാട്ടം കനക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ ദിവസം നെറ്റിസണ്‍സിന്‍റെ കാഴ്ചയെ പിടിച്ചിരുത്തിയ ഒരു വീഡിയോയായിരുന്നു ഒരു ചീറ്റയും മുതലയും തമ്മിലുള്ള പോരാട്ടം.
Nature is wild pic.twitter.com/gVZGiacQZu
— Terrifying Nature (@TerrifyingNatur) April 22, 2023
ഒരേ സമയം പോരാട്ടവും വിരഹവും സമ്മാനിക്കുന്ന വീഡിയോയായിരുന്നു അത്. ‘വന്യമായ പ്രകൃതി’ എന്ന കുറിപ്പോടെ @TerrifyingNature എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ പത്ത് ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ കമന്‍റുമായെത്തി. ഒരു തടാകതീരത്ത് നിന്ന് വെള്ളം കുടിക്കുന്ന ചീറ്റയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ആ കാഴ്ചയില്‍ നമ്മള്‍ മതിമറന്ന് നില്‍ക്കുന്നതിനിടെ ഒരു നിമിഷാര്‍ദ്ധത്തില്‍ തടാകത്തില്‍ നിന്ന് ഒരു മുതല ഉയര്‍ന്ന് വരികയും കൃത്യമായി ചീറ്റയുടെ കഴുത്തില്‍ പിടി മുറുക്കുകയും ചെയ്യുന്നു. എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ ചീറ്റയെയും കൊണ്ട് തടാകത്തിന്‍റെ ആഴങ്ങളിലേക്ക് മുതല മുങ്ങാംകുഴിയിടുന്നു. വളരെ പെട്ടെന്ന് തന്ന തടാകത്തിലെ ഓളങ്ങള്‍ ശാന്തമാകുന്നു. ഈ സമയം വിശാലമായ തടാകത്തിന്‍റെ മറുകരയില്‍ തങ്ങളുടെ സുഹൃത്തിനെ നഷ്ടപ്പെട്ട രണ്ട് ചീറ്റകള്‍, ആ നിമിഷത്തിന്‍റെ നടുക്കത്തില്‍ അസ്വസ്ഥരാകുന്നതും കാണാം.
വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ വന്യപ്രകൃതി എന്ന് കുറിച്ചു. മറ്റൊരാള്‍ മുതലയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്ന ഒരു മാനിന്‍റെ ചെറു വീഡിയോ പങ്കുവച്ച് കൊണ്ട്, “ചീറ്റയെക്കാൾ മികച്ച റിഫ്ലെക്സുകൾ ഒരു മാനിന് ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.” എന്ന് കുറിച്ചു. “ഇത് വളരെ സങ്കടകരമാണ്, കാരണം അവളുടെ രണ്ട് കുഞ്ഞുങ്ങൾ അവളുടെ പിന്നിലുണ്ടായിരുന്നു, അവളെ പ്രതിരോധിക്കാൻ ആഗ്രഹിച്ചു, പക്ഷേ എങ്ങനെ ചെയ്യണമെന്ന് അറിയില്ല. അമ്മ ഇനി തിരിച്ചു വരില്ല എന്നറിയാതെ. പ്രകൃതി ഭയാനകമാണ്. ”