ഇന്ന് ധാരാളം പേരില്‍ വിഷാദം, ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ കാണുന്നുണ്ട്. പലരിലും പല കാരണങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. എങ്കില്‍പോലും വിഷാദത്തിന് പിന്നില്‍ വരാവുന്ന, അധികമാരും ശ്രദ്ധിക്കാത്തൊരു കാരണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വിഷാദം മാത്രമല്ല- മുടി കൊഴിച്ചില്‍- തളര്‍ച്ച തുടങ്ങി പല പ്രശ്നങ്ങളിലേക്കും നമ്മെ നയിച്ചേക്കാവുന്നൊരു ഘടകമാണിത്. മറ്റൊന്നുമല്ല- വൈറ്റമിൻ -ഡിയില്‍ വരുന്ന കുറവിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഇത് അത്ര ഗൗരവമുള്ള വിഷയമാണോ എന്ന് മിക്കവരും ചിന്തിച്ചേക്കാം. ഒരു വൈറ്റമിൻ കുറയുന്നതില്‍ എന്ത് പേടിക്കാൻ എന്നും സംശയിക്കാം. എന്നാല്‍ വൈറ്റമിൻ -ഡി കുറയുന്നത് തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കേണ്ടൊരു സംഗതി തന്നെയാണ്.
എല്ലുകളുടെ ആരോഗ്യത്തിനും, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ചില രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമെല്ലാം വൈറ്റമിൻ-ഡി അവശ്യം വേണ്ടതാണ്. പലപ്പോഴും പക്ഷേ വൈറ്റമിൻ-ഡി കുറവ് നമുക്ക് തിരിച്ചറിയണമെന്നില്ല. എങ്കിലും ക്രമാതീതമായ തോതില്‍ വൈറ്റമിൻ-ഡി കുറഞ്ഞാല്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാം. അവ ഏതെല്ലാമാണെന്ന് കൂടി മനസിലാക്കാം.
ശരീരവേദ…
വൈറ്റമിൻ-ഡി കുറയുമ്പോള്‍ എല്ലില്‍ വേദനയും പശിയില്‍ തളര്‍ച്ചയും അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകാം. ഓര്‍ക്കുക, എല്ലാ ശരീരവേദനകളും ഒരേ കാരണം കൊണ്ടാണെന്ന് ചിന്തിക്കരുത്.
തളര്‍ച്ചയും വിഷാദവും…
വൈറ്റമിൻ-ഡി കുറയുന്നത് നല്ലരീതിയില്‍ വ്യക്തിയെ തളര്‍ച്ചയിലേക്ക് നയിക്കാം. ആദ്യം സൂചിപ്പിച്ചത് പോലെ വിഷാദത്തിലേക്കും ഇത് വഴിയൊരുക്കാം. അതിനാല്‍ തളര്‍ച്ചയും വിഷാദം പോലുള്ള അവസ്ഥയും നേരിട്ടാല്‍ വൈറ്റമിൻ-ഡി ടെസ്റ്റ് ചെയ്തുനോക്കാൻ മടിക്കരുത്. വിശപ്പില്ലായ്മ
മുടി കൊഴിച്ചില്‍…
പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. വൈറ്റമിൻ-ഡി കുറവ് ഇതിലൊരു കാരണം തന്നെയാണ്. അതിനാല്‍ മുടി കൊഴിച്ചിലുണ്ടെങ്കിലും വൈറ്റമിൻ-ഡി ടെസ്റ്റ് ഒന്ന് ചെയ്ത് നോക്കാവുന്നതാണ്.
തുടര്‍ച്ചയായ അണുബാധകള്‍…
വൈറ്റമിൻ-ഡി നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് അവശ്യം വേണമെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. അതിനാല്‍ തന്നെ വൈറ്റമിൻ -ഡി കുറയുമ്പോള്‍ പല രോഗങ്ങളും അണുബാധകളുമെല്ലാം തുടര്‍ച്ചയായി വരാം. ഇതും വൈറ്റമിൻ-ഡി കുറവിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഉറക്കം…
ഉറക്കം ശരിയാംവിധം ലഭിക്കാതിരിക്കുക, ഉറക്കം സുഖകരമാകാതിരിക്കുക- തുടങ്ങി ഉറക്കപ്രശ്നങ്ങള്‍ പതിവാണെങ്കിലും വൈറ്റമിൻ-ഡി ടെസ്റ്റ് ചെയ്ത് നോക്കാവുന്നതാണ്. കാരണം ഇതും വൈറ്റമിൻ-ഡി കുറവിന്‍റെ സൂചനയാണ്.
തൊലിയുടെ നിറം…
വൈറ്റമിൻ-ഡി കുറയുമ്പോള്‍ അത് സ്കിന്നിലും ചെറിയ രീതിയില്‍ പ്രതിഫലിക്കാം. തൊലി വിളര്‍ത്തതായി കാണപ്പെടുന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇതാണ് വൈറ്റമിൻ-ഡി കുറവ് സൂചിപ്പിക്കുന്ന ലക്ഷണം.
മോണയും പല്ലും…
പല്ലിന്‍റെയും മോണയുടെയും ആരോഗ്യത്തില്‍ സംഭവിക്കുന്ന പ്രശ്നങ്ങളും വൈറ്റമിൻ-ഡി കുറവ് സൂചിപ്പിക്കുന്നതാകാറുണ്ട്. ഇതും പരിശോധിക്കാവുന്നതാണ്.