ന്യൂഡൽഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വനിതാ ഗുസ്തി താരങ്ങൾ നൽകിയ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. താരങ്ങളുടെ ആരോപണ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് രജിസ്റ്റർ ചെയ്യാത്തതിൽ ഡൽഹി പൊലീസിന് നോട്ടീസ് അയക്കുകയായിരുന്നു. വിഷയത്തിൽ വെള്ളിയാഴ്ച മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഈ കേസിൽ ഹരജിക്കാരെ സംബന്ധിച്ച വിവരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്താണ് ഹരജിയിൽ ആരോപിക്കുന്നതെന്ന് കോടതി ചോദിച്ചു. ‘ഈ വനിതാ ഗുസ്തി താരങ്ങൾ ധർണയിരിക്കുകയാണ്. ഏഴ് വനിതകൾ പരാതി നൽകി. ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. എന്നാൽ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഈ കോടതിയുടെ നിയമം ലംഘിക്കപ്പെട്ടു. – കപിൽ സിബൽ അറിയിച്ചു.
പോക്സോ കുറ്റങ്ങൾ ഉൾപ്പെടെ നടത്തിയിട്ടും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരെ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വനിതാ താരങ്ങൾ ആരോപിച്ചു. 2012 ൽ നടന്ന പീഡനം സംബന്ധിച്ചാണ് താരങ്ങളുടെ പരാതി. ഈ വിഷയത്തിൽ പരാതിക്കാരുൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധിക്കുകയാണ്.കേസ് രജിസ്റ്റർ ചെയ്യാത്തതിൽ പൊലീസിനെ വിചാരണ ചെയ്യാനും നിയമമുണ്ടെന്ന് കപിൽ സിബൽ കോടതിയെ ഓർമിപ്പിച്ചു. കേസ് വീണ്ടും മെയ് 28ന് പരിഗണിക്കും.