ന്യൂഡൽഹി ∙ ബിജെപിക്കെതിരെ ഐക്യമുറപ്പിക്കാൻ പ്രതിപക്ഷകക്ഷികളുടെ സംയുക്തയോഗം ബിഹാറിലെ പട്നയിൽ ചേരുന്നതു പരിഗണനയിൽ. ഇന്നലെ കൂടിക്കാഴ്ചയ്ക്കായി കൊൽക്കത്തയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരോട് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ദിരാഗാന്ധിക്കെതിരെ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായൺ പ്രക്ഷോഭത്തിനു തുടക്കമിട്ടത് ബിഹാറിലാണെന്നും സമാനമായ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവിടെനിന്നു തുടങ്ങണമെന്നും മമത അഭിപ്രായപ്പെട്ടു. നിതീഷും തേജസ്വിയും പിന്നാലെ ലക്നൗവിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായും കൂടിക്കാഴ്ച നടത്തി.
ബിജെപിയെ വീഴ്ത്താൻ ഓരോ മണ്ഡലത്തിലും പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയെ നിർത്തുന്ന കാര്യം കൂടിക്കാഴ്ചകളിൽ ചർച്ചയായി. ബംഗാളിൽ ബിജെപിക്കെതിരെ തൃണമൂൽ സ്ഥാനാർഥികൾ മാത്രം മതിയെന്നാണു മമതയുടെ നിലപാട്. സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാണെങ്കിലും പൊതുസ്ഥാനാർഥി എന്ന ആശയത്തോടു കോൺഗ്രസിനു പൂർണമായി യോജിപ്പില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നാണു കോൺഗ്രസ് നിലപാട്.
കോൺഗ്രസ് നേതൃത്വവുമായി ഈയിടെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മമത, അഖിലേഷ് എന്നിവരുമായി നിതീഷ് കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷനിരയുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കുന്നതിനെ മമതയും അഖിലേഷും അനുകൂലിക്കുന്നില്ല. ഇതു മനസ്സിലാക്കിയാണ് അവരുമായി ചർച്ച നടത്താൻ നിതീഷിനോട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാൾ (ഡൽഹി), കെ.ചന്ദ്രശേഖർ റാവു (തെലങ്കാന) എന്നിവരെക്കൂടി പ്രതിപക്ഷനിരയിൽ അണിനിരത്താനുള്ള ചുമതല നിതീഷിനെയാണ് ഏൽപിച്ചിരിക്കുന്നത്. എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ) എന്നിവയടക്കം മറ്റു പ്രതിപക്ഷകക്ഷികളുമായി കോൺഗ്രസ് ചർച്ച നടത്തും.
പ്രതിപക്ഷത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിതീഷിനെ ചുമതലപ്പെടുത്തിയതിൽ എൻസിപി നേതാവ് ശരദ് പവാറിനു നീരസമുണ്ട്. ഗൗതം അദാനിയെ ഈയിടെ പവാർ പരസ്യമായി പിന്തുണച്ചതിന്റെ കാരണം ഇതാണെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ.
∙ ‘പ്രതിപക്ഷനിരയുടെ രൂപീകരണത്തിൽ എനിക്കു ശാഠ്യങ്ങളില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരാട്ടം ജനങ്ങളും ബിജെപിയും തമ്മിലായിരിക്കും. ബിജെപിയെ പൂജ്യത്തിലെത്തിക്കണം. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകണം.’ – മമത ബാനർജി