പൊന്നാനി> ഭാരതപ്പുഴയുടെ ഭംഗിയും കടലിന്റെ സൗന്ദര്യവും ആസ്വദിച്ച് സഞ്ചരിക്കാൻ ഒരുങ്ങിയ നിള ടൂറിസം പാലവും പാതയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ വിശിഷ്ടാതിഥിയായി.
നിളയോരപാത ആരംഭിക്കുന്ന ചമ്രവട്ടം കടവ് ഭാഗത്തുനിന്ന് ഘോഷയാത്രയോടെ തുറന്ന വാഹനത്തിലാണ് മന്ത്രി പാലത്തിലൂടെ ഉദ്ഘാടന വേദിയിലെത്തിയത്. അവിടെ നിന്ന് തുറന്ന വാഹനത്തിൽ നൂറുകണക്കിന് ആളുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പാലം ഉദ്‌ഘാടനത്തിനെത്തി. കരിമരുന്നും വാദ്യമേളങ്ങളും കൊഴുപ്പേകി.
ഉദ്‌ഘാടനം കഴിഞ്ഞ് പാലത്തിലൂടെ മന്ത്രിക്കൊപ്പം നാടൊന്നായി നടന്നു. പ്രകൃതിയുടെ സന്തോഷമെന്നോണം വേനൽ മഴവിരുന്നെത്തിയപ്പോൾ പൊന്നാനിച്ചന്തം ഇരട്ടിയായി. പൗരാണിക തുറമുഖ നഗരത്തിൽ നിന്ന് ടൂറിസം നഗരത്തിലേക്കുള്ള പാതയാണ് തുറന്നതെതെന്ന് മന്ത്രി പറഞ്ഞു. പൊന്നാനിയെ സംസ്ഥാനത്തെ മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി മാറ്റുകയാണ് ലക്ഷ്യം. റോഡുകളെയും പാലങ്ങളെയും ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ കൈകൊള്ളുന്നെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര മേഖലയിലും ഗതാഗതരംഗത്തും പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുങ്ങുന്നതാണ് കനോലി കനാലിന് കുറുകെ 330 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം. ഒമ്പത് മീറ്റർ വീതിയിൽ രണ്ടുവരി പാതയും ഇതിനോട് ചേർന്ന് ഒരുവശത്ത് രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോടെ നടപ്പാതയുമുണ്ട്. 36.28 കോടി രൂപ ചെലവിട്ടാണ് പ്രവൃത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ–ഓപറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. അഞ്ചര കിലോമീറ്ററിൽ 10 കോടി ചെലവിലാണ് പാത.