മുംബൈ: ബോളിവുഡ് നടിയെ ഷാര്‍ജയിലെ ജയിലില്‍ ലഹരിക്കേസില്‍ കുടുക്കി മുംബൈ സ്വദേശിയായ ബേക്കറി ഉടമ. ബോളിവുഡ് നടിയായ ക്രിസാന്‍ പെരേരയെ ഈ മാസം ആദ്യമാണ് ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വിമാനത്താവളത്തില്‍ നടിയുടെ കൈവശമുണ്ടായിരുന്ന ട്രോഫിക്കുള്ളില്‍ ലഹരിമരുന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്. സഡക് 2, ബട്ലാ ഹൌസ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയിച്ച 27 കാരിയായ ക്രിസാന്‍ ഒരു ഓഡിഷന്‍റെ ഭാഗമായായിരുന്നു യുഎഇയിലെത്തിയത്. എന്നാല്‍ നടിയെ കേസില്‍ കുടുക്കിയതാണെന്ന് മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. നടിയെ കുടുക്കിയതാണെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു മുംബൈ പൊലീസ് അന്വേഷണം നടത്തിയത്.
ക്രിസാന്‍റെ അമ്മ പ്രമീള പെരേരയോടുള്ള വൈരാഗ്യത്തിന്‍റെ പേരിലാണ് മുംബൈയില്‍ ബേക്കറി ശൃംഖല നടത്തുന്നയാള്‍ നടിയെ കുടുക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ ബോറിവാലിയില്‍ താമസിക്കുന്ന ആന്‍റണി പോളും ഇയാളുടെ സഹായിയായ രാജേഷ് ബാഹോട്ട എന്ന രവിയേയുമാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് സ്വദേശിയായ രാജേഷ് ബാഹോട്ടയാണ് നടിയെ ഒരു ഓഡിഷന്‍റെ ഭാഗമെന്ന പേരില്‍ ഷാര്‍ജയിലേക്ക് അയച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. നടിക്ക് ഷാര്‍ജയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയതും ഇയാളായിരുന്നു. തിരികെ വരാനുള്ള ടിക്കറ്റ് അടക്കമായിരുന്നു രാജേഷ് നടിയെ ഷാര്‍ജയിലേക്ക് അയച്ചത്. എന്നാല്‍ റിട്ടേണ്‍ ടിക്കറ്റ് വ്യാജമായിരുന്നു. ഒരു ഇന്‍റര്‍ നാഷണല്‍ വെബ് സീരീസിന്‍റെ ഓഡിഷനെന്ന പേരിലായിരുന്നു ക്രിസാനെ ഷാര്‍ജയിലേക്ക് അയച്ചത്. വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ ഓഡിഷന്‍റെ ആവശ്യത്തിലേക്കെന്ന പേരിലായിരുന്നു രാജേഷ് നടിക്ക് ട്രോഫി നല്‍കിയത്.
നടിയുടെ മാതാവുമായി കൊവിഡ് ലോക്ക്ഡൌണ്‍ കാലത്ത് ആന്‍റണി പോളിനുണ്ടായ സംഘര്‍ഷമാണ് കേസിലെ അടിസ്ഥാന കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. പ്രമീളയുടെ നായ ആന്‍റണി പോളിനെതിരെ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കുരയ്ക്കുകയും കടിക്കാനൊരുങ്ങുകയും ചെയ്തിരുന്നു. പ്രമീളയുടെ അപാര്‍ട്ട്മെന്‍റില്‍ തന്നെയായിരുന്നു ആന്‍റണിയുടെ ബന്ധുവും താമസിച്ചിരുന്നത്. ഭയന്ന് പോയ ആന്‍റണി സമീപത്തുണ്ടായിരുന്ന കസേര എടുത്ത് നായയെ അടിക്കാനൊരുങ്ങുകയായിരുന്നു. ഇത് കണ്ട പ്രമീള ആന്‍റണിയെ അപാര്‍ട്ട്മെന്‍റിലെ ആളുകളുടെ മുന്നില്‍ വച്ച് ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്‍റെ പ്രതികാരമായാണ് ആന്റണി ക്രിസാനെ ലഹരിക്കടത്ത് കേസില്‍ വിദേശത്ത് കടത്തിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെന്ന പേരില്‍ ആന്‍റണിയുടെ സഹായി രാജേഷ് പ്രമീളയുമായി സൌഹൃദ് സ്ഥാപിക്കുകയും മകള്‍ക്ക് വിദേശ വെബ്സീരീസില്‍ അവസരം വാഗ്ദാനം ചെയ്യുകയുമായിരുന്നു. ടാലന്‍റ് പൂള്‍ എന്ന പേരില്‍ ഒരു ഓഡിഷന്‍ സ്ഥാപനം നടത്തുന്നതായും രാജേഷ് പ്രമീളയെ വിശ്വസിപ്പിക്കുകയായിരുന്നു.
അടുത്ത വെബ് സീരീസിലേക്ക് മകളെ പരിഗണിക്കാമെന്ന വാഗ്ദാനത്തില്‍ ഇവര്‍ വീഴുകയായിരുന്നു. ദുബായില് വച്ച് ഓഡിഷന്‍ നടക്കുന്നുവെന്ന പേരിലായിരുന്നു രാജേഷ് ക്രിസാനെ വിദേശത്തേക്ക് അയയ്ക്കുന്നത്. നടിക്ക് ദുബായില്‍ താമസ സൌകര്യമടക്കം ഒരുക്കിയായിരുന്നു ഇത്. എന്നാല്‍ ഷാര്‍ജയിലെത്തിയ ക്രിസാന്‍ ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ അവരുടെ പേരില്‍ ബുക്കിംഗ് ഇല്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ് സഹായം തേടിയതോടെ ട്രോഫിയിലെ മയക്ക് മരുന്ന് പൊലീസ് പിടികൂടുകയായിരുന്നു. വിദേശകാര്യമന്ത്രാലയം വഴി നടിയെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ് നിലവിലുള്ളത്.