സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് പ്രാങ്കുകൾ പുതിയ കാര്യമല്ല. എന്നാൽ, മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പ്രാങ്കുകൾ ആളുകൾ ചോദ്യം ചെയ്യാറുമുണ്ട്. അതുപോലെ സോഷ്യൽ മീഡിയയിൽ അടുത്തിടെ ഒരു വീഡിയോ വൈറലായി. കടുത്ത ഭാഷയിലാണ് ഈ വീഡിയോ ചെയ്ത യുവാവിനെ ആളുകൾ വിമർശിക്കുന്നത്.
വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലാത്ത ആളുകളെ മറ്റുള്ളവർ സഹായിക്കുന്നത് നാം കാണാറുണ്ട്. എന്നാൽ, ഇന്ന് പലരും തങ്ങൾക്ക് പേരിനും പ്രശസ്തിക്കും വേണ്ടി മറ്റുള്ളവരെ സഹായിക്കുന്നവരും ഉണ്ട്. അതിന്റെ ഭാഗമായി തന്നെ ഒരു മനസ്താപവും കൂടാതെ, സഹായം സ്വീകരിക്കേണ്ടി വരുന്ന ആളുടെ മാനസികാവസ്ഥ പോലും മാനിക്കാതെ അത് വീഡിയോ പിടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ആളുകളും ഉണ്ട്. എന്നാൽ, ഇവിടെ ഈ യുവാവ് ചെയ്തത് അതിനെ പോലും നാണിപ്പിക്കുന്ന കാര്യമാണ്.
വീഡിയോയിൽ കാണുന്നത് ട്രെവർ സെല്ലേഴ്സ് എന്ന യൂട്യൂബർ വീടില്ലാത്ത ഒരാളോട് വിശക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതാണ്. ഉണ്ട് എന്നായിരുന്നു അയാളുടെ മറുപടി. പിന്നാലെ, യൂട്യൂബർ അടുത്തുള്ള കടയിൽ പോയി ഭക്ഷണം വാങ്ങിക്കൊണ്ട് വരുന്നതും കാണാം. എന്നാൽ, ആ ഭക്ഷണം അടുത്തിരിക്കുന്ന മനുഷ്യന് കൊടുക്കും എന്ന് നമ്മൾ കരുതുമെങ്കിലും അത് കൊടുക്കാതെ അയാളുടെ മുന്നിൽ വച്ച് ആ ഭക്ഷണം കഴിക്കുന്ന യൂട്യൂബറെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അതിനിടയിൽ താനും വീടില്ലാത്ത ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എന്നൊക്കെ യൂട്യൂബർ പറയുന്നുണ്ട്. എന്നാൽ, വലിയ തരത്തിലുള്ള വിമർശനങ്ങളാണ് വീഡിയോയ്‍ക്ക് എറ്റുവാങ്ങേണ്ടി വന്നത്. വീഡിയോ അധികം വൈകാതെ നീക്കം ചെയ്തു എങ്കിലും ട്വിറ്ററിലടക്കം വീഡിയോ ഇപ്പോഴും പ്രചരിക്കുകയാണ്. അതേ സമയം ഇത് പ്രാങ്കാണോ അതോ മനപ്പൂർവം ഇങ്ങനെ ചിത്രീകരിച്ചതാണോ എന്ന സംശയവുമുണ്ട്.