തൃശൂർ> ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് വർധിച്ച് വരികയാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ പറഞ്ഞു. കലാകാരൻമാർ ശത്രുവൽക്കരിക്കപ്പെടുന്നതും അപരവൽക്കരിക്കപ്പെടുന്നതാണ് ഇന്ത്യയിൽ കാണുന്നത്. പ്രാണവായു പോലെ പ്രധാനമാണ് ആവിഷ്കർത്താവിന് സ്വാതന്ത്ര്യം. ഭരണഘടന ഉറപ്പു നൽകുന്ന ആ സ്വാതന്ത്ര്യമാണ് ഇല്ലാതാവുന്നത്. ഇതിനെതിരെ ശബ്‌ദമുയരേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ 65–-ാം വാർഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൃശൂർ കൃഷ്ണകുമാറിന്റെ ഇടയ്ക്ക വാദനത്തോടെയാണ് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്.
അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷനായി. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖ പ്രഭാഷണം നടത്തി. സംഗീത സംവിധായകൻ വിദ്യാധരൻ, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ ബാലമുരളികൃഷ്ണൻ , സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, സംഗീത നാടക അക്കാദമി വൈസ്‌ചെയർമാൻ പി ആർ പുഷ്പവതി , അക്കാദമി നിർവാഹക സമിതി അംഗം ടി ആർ അജയൻ, ഡോ. പി വി കൃഷ്ണൻ നായർ, ഡോ. സി രാവുണ്ണി, പി ഗംഗാധരൻ, ശ്രീമൂലനഗരം മോഹൻ എന്നിവർ പങ്കെടുത്തു. ഗായകൻ അലോഷിയുടെ സംഗീത വിരുന്നും മാജീഷ്യൻ സാമ്രാജിന്റെ ഇന്ദ്രജാലവും ആസ്വാദകരുടെ മനം കവരുന്നതായി.