കൊച്ചി: ഓരോ സമുദായത്തിനും പ്രത്യേകം ശ്‌മശാനങ്ങൾ അനുവദിക്കുന്നത് തുടരണമോയെന്ന് സർക്കാർ പരിശോധിക്കണമെന്ന് ഹൈക്കോടതി. സമുദായങ്ങൾക്ക് പ്രത്യേകം ശ്‌മശാനം അനുവദിക്കുന്ന പഞ്ചായത്തീരാജ് നിയമം ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
ഇത്തരത്തിൽ ശ്‌മശാനങ്ങൾ അനുവദിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്‌ക്കും ജീവിക്കാനുള്ള അവകാശത്തിനും വിരുദ്ധമാണോയെന്ന് നിയമനിർമാതാക്കൾ പരിശോധിക്കണം. സമുദായം നോക്കാതെ പൊതുശ്‌മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കണമെന്ന് നിർദേശിച്ച കോടതി ഹർജി തീർപ്പാക്കി
പാലക്കാട് പൂത്തൂരിലെ ചക്ലിയർ സമുദായം നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി മലപ്പുറം ആസ്ഥാനമായ എൻജിഒ ദിഷ നൽകിയ ഹർജിയിലാണ് ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. മൃതദേഹം പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കാൻ അനുമതി നിഷേധിച്ചതായിരുന്നു കേസിനാധാരം. 2020ൽ കോവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇവർ കോവിഡ് ബാധിച്ച് മരിച്ചതിനാലാണ് തർക്കമുണ്ടായതെന്ന കലക്ടറുടെ വിശദീകരണം കണക്കിലെടുത്താണ് ഹർജി തീർപ്പാക്കിയത്.