കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണത്തിൽ ദുരൂഹത സംശയിച്ച് ബന്ധുക്കൾ. ഗഫൂറിന്‍റെ മരണത്തിന് പിന്നാലെ, 600 പവനിലേറെ സ്വർണം കാണാതായെന്ന വാർത്ത പുറത്തുവന്നതോടെയാണ് ബന്ധുക്കൾക്ക് സംശയം ബലപ്പെട്ടത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങുകയാണ് പൊലീസ്. ഹണി ട്രാപ്പ് കേസിൽ ഉൾപ്പടെ പ്രതിയായ ഒരു യുവതിക്ക് ഈ മരണത്തിൽ പങ്കുണ്ടെന്ന സംശയവും ശക്തമാണ്.
പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്‍മയിലെ എം.സി.അബ്ദുൽഗഫൂറിനെ കഴിഞ്ഞ പതിനാലാം തീയതിയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് വീട്ടിൽനിന്ന് 600ലേറെ പവൻ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്.
ഇതോടെ മരണത്തിൽ സംശയമുയർന്നു. അബ്ദുൽഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകി.
അസ്വാഭാവിക മരണത്തിന് ബേക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള അനുമതിക്കായി കാഞ്ഞങ്ങാട് ആര്‍ഡിഒയ്ക്ക് അപേക്ഷയും നൽകി. രണ്ട് ദിവസത്തിനുള്ളിൽ പോസ്റ്റ്മോർട്ടം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ യുവതിയ്ക്ക് അബ്ദുൾ ഗഫൂറിന്‍റെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ.