കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം വിനു. മാമുക്കോയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പലരും വരുമെന്ന് കരുതി. കൊച്ചിയിൽ പോയി മരിച്ചാൽ കൂടുതൽ പേർ വരുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
സംവിധായകർ അടക്കം സിനിമ മേഖലയിലെ പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി. നീചമായ പ്രവർത്തിയാണിത്. നിരവധി സിനിമകളുടെ വിജയ ഘടകമായിരുന്നു മാമുക്കോയ. ഇക്കാര്യങ്ങൾ സംവിധായകരും സംഘടനാ തലപ്പത്തുള്ളവരും ചിന്തിക്കേണ്ടതായിരുന്നുവെന്നും വി.എം വിനു ചൂണ്ടിക്കാട്ടി.
നാടകമേഖലയിലെ നിരവധി പേർ മാമുക്കോയക്ക് ആദരാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിലും വസതിയിലും എത്തിയിരുന്നുവെങ്കിലും സിനിമ മേഖലയിൽ നിന്ന് എത്തിയവരുടെ എണ്ണം കുറവായിരുന്നു. താരസംഘടന അമ്മക്ക് വേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് റീത്ത് സമർപ്പിച്ചത്.
ജപ്പാനിലുള്ള മോഹൻ ലാലും മാതാവിന്‍റെ മരണത്തെ തുടർന്ന് കൊച്ചിയിലുള്ള മമ്മൂട്ടിയും ഫോണിൽ വിളിച്ച് കുടുംബാംഗങ്ങളെ അനുശോചിച്ച് അറിയിച്ചിരുന്നു. നടന്മാരായ ജോജു ജോർജ്, ഇർഷാദ്, സാദിഖ്, നീരജ് മാധവ്, സംവിധായകരായ സത്യൻ അന്തിക്കാട് വി.എം വിനു അടക്കമുള്ളവർ ഇന്നും വിനോദ് കോവൂർ, മുസ്തഫ, സുരഭി തുടങ്ങിയവർ ഇന്നലെയും ആദരാഞ്ജലി അർപ്പിച്ചു.
സമീപ ജില്ലകളിൽ ചിത്രീകരണം നടക്കുന്ന സിനിമകളിലെ താരങ്ങൾ ആദരാഞ്ജലി അർപ്പിക്കാൻ എത്താത്തതാണ് വലിയ വിമർശനത്തിന് വഴിവെച്ചത്.