ബംഗളൂരു: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഷവോമി. 91മൊബൈൽസിനോടാണ് ഷവോമിയുടെ പ്രതികരണം. കമ്പനിയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളുടെ സുരക്ഷക്കാണ് വലിയ പ്രാധാന്യം നൽകുന്നതെന്ന് ഷവോമി അറിയിച്ചു.
ഫോൺ പൊട്ടിത്തെറിച്ച വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് എന്ത് സഹായം വേണമെങ്കിലും നൽകും. സംഭവത്തിൽ ഷവോമി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഏജൻസികളുമായി പൂർണമായും സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. ഷവോമിയുടെ കീഴിൽ വരുന്ന റെഡ്മിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.
തിരുവില്വാമലയിലാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യമുണ്ടായത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവമുണ്ടായത്.