പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നാളെ പട്നയിൽ തിരിച്ചെത്തും. സിംഗപ്പൂരിൽ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ശേഷം ആദ്യമായാണ് ലാലു പട്നയിലെത്തുന്നത്. ഒൻപതു മാസങ്ങൾക്കു ശേഷമാണു പട്നയിലേക്ക് ലാലുവിന്റെ മടങ്ങി വരവ്.സിംഗപ്പൂരിൽ നിന്നു തിരിച്ചെത്തിയ ശേഷം ഡൽഹിയിൽ മകൾ മിസാ ഭാരതി എംപിയുടെ ഔദ്യോഗിക വസതിയിലായിരുന്നു താമസം. ഡൽഹിയിൽനിന്ന് മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ലാലുവിനോടൊപ്പമുണ്ടാകും. പ്രതിപക്ഷ ഐക്യത്തിനായി ബിഹാർ കേന്ദ്രീകരിച്ചു നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് ലാലുവിന്റെ സാന്നിധ്യം കരുത്തേകും. മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിപക്ഷ ഐക്യ ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിശാല പ്രതിപക്ഷ ഐക്യത്തിനു തുടക്കമിടാൻ പട്നയിൽ റാലി സംഘടിപ്പിക്കണമെന്നു നിതീഷ് കുമാറിനോടു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അഭ്യർഥിച്ചിരുന്നു.