ന്യൂഡൽഹി∙ സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി അംഗീകാരം നൽകേണ്ടത് പാർലമെന്റ് തന്നെയെന്ന് സുപ്രീം കോടതി. വിവാഹത്തിന് അംഗീകാരം നൽകിയില്ലെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികപരമായ ആനുകൂല്യങ്ങൾ നൽകാൻ എന്തു ചെയ്യാനാകുമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു.സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികളിൽ വാദം കേൾക്കവേയാണ് സുപ്രീം കോടതിയുടെ പരാമർശം. ഇക്കാര്യത്തിൽ മേയ് മൂന്നിനകം കേന്ദ്ര സർക്കാർ തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
സ്വവർഗ ദമ്പതികൾക്ക് സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, ഇൻഷുറൻസ് പോളിസികളിൽ പങ്കാളിയെ നോമിനിയായി വയ്ക്കുക തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോ എന്നത് പരിഗണിക്കമെന്ന് കോടതി അറിയിച്ചു. വിവാഹത്തിന് അംഗീകാരം നൽകാതെ തന്നെ ഈ സാമൂഹിക വിഷയങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിന് മറുപടി നൽകണമെന്ന് സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് കോടതി ആവശ്യപ്പെട്ടു.
സ്വവർഗ വിവാഹം നിയമപരമാക്കണമെനന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച മുതൽ വാദം കേൾക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. സ്വവര്‍ഗവിവാഹത്തെ ശക്തമായി എതിർത്ത് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ രണ്ടു തവണ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.