തിരുവനന്തപുരം: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും. കുങ്കിയാനകള്‍ കൊമ്പന് അരികിലായി നിലയുറപ്പിച്ച് കഴിഞ്ഞു. അരിക്കൊമ്പന്‍ ദൗത്യമേഖലയിൽ തന്നെയുണ്ട്. ഒപ്പം വേറെയും ആനകള്‍ കൂടിയുള്ള ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ട്രാക്കിംഗ് ടീമ്മിന്‍റെ നിരീക്ഷണത്തിലാണ് അരിക്കൊമ്പന്‍ ഉള്ളത്. കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും എന്നാണ് അറിയുന്നത്. അരിക്കൊമ്പൻ ദൗത്യം കണക്കിലെടുത്ത് ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്‍റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് അടച്ചു.