ന്യൂഡല്‍ഹി : ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ‘ആഗോള മരുന്നുകട’യായി ഇന്ത്യ. ഡിസംബര്‍ 31 വരെ കോവിഡ് വാക്‌സിന്റെ 11.54 കോടി ഡോസുകള്‍ 97 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദരിദ്ര ഇടത്തരം രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ഐക്യരാഷ്ട്രസഭയുടെ കോവാക്‌സ് പദ്ധതിക്ക് നല്‍കിയ സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നു. അയല്‍രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ ഡോസുകള്‍ കൊടുത്തത്. 2.25 കോടി ഡോസുകള്‍ ലഭിച്ച ബംഗ്ലാദേശാണ് മുന്നില്‍. 1.86 കോടി ഡോസുകള്‍ ലഭിച്ച മ്യാന്‍മാറാണ് രണ്ടാമത്. നേപ്പാള്‍ (94 ലക്ഷം), ഇന്‍ഡൊനീഷ്യ (90 ലക്ഷം), അഫ്ഗാനിസ്താന്‍ (14.68 ലക്ഷം) ശ്രീലങ്ക (12.64 ലക്ഷം) ഭൂട്ടാന്‍ (5.5 ലക്ഷം) രാജ്യങ്ങളിലേക്കും വാക്‌സിന്‍ അയച്ചു.
ഇതിനുപുറമേ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലിനും (40 ലക്ഷം) പാരഗ്വായ്ക്കും(6 ലക്ഷം) അര്‍ജന്റീനയ്ക്കും(5.8 ലക്ഷം), ബൊളീവിയയ്ക്കും(2.28 ലക്ഷം) ഇന്ത്യയുടെ സഹായം ലഭിച്ചു.
വാക്‌സിന്‍ വിതരണത്തില്‍ പിന്നില്‍നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ സുമനസ്സ് പ്രയോജനപ്പെട്ടു. മൊറോക്കോ (70 ലക്ഷം), കോംഗോ (17.66 ലക്ഷം), ഘാന (17.14 ലക്ഷം), ദക്ഷിണാഫ്രിക്ക (10 ലക്ഷം), ഈജിപ്ത്(50,000) രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ഡോസുകള്‍ ലഭിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളായ യു.എ.ഇ.യ്ക്കും (രണ്ടു ലക്ഷം), സൗദി അറേബ്യയ്ക്കും (45 ലക്ഷം) ഡോസുകള്‍ നല്‍കി. ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യ സംഘത്തിന് രണ്ടു ലക്ഷം ഡോസുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1.25 ലക്ഷം ഡോസുകളും കൊടുത്തു.
ഇതുകൂടാതെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, റെംഡെസിവിര്‍, പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളും വെന്റിലേറ്ററുകള്‍, മുഖാവരണങ്ങള്‍ കൈയുറകള്‍, മറ്റു ചികിത്സാ ഉപകരണങ്ങള്‍ എന്നിവയും ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. രോഗപ്രതിരോധത്തിന് സഹായിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനക്കളരികള്‍ അയല്‍രാജ്യങ്ങളില്‍ ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്.