കോഴിക്കോട്: മാമുക്കോയക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്ന് കഥാകൃത്ത് ടി പത്മനാഭൻ. സംവിധായകൻ വി എം വിനു പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. മാമുക്കോയയെ അദ്ദേഹത്തിന്റെ ഖബർസ്ഥാനിലുള്ള യാത്രയിലോ ഖബറടക്കത്തിലോ വേണ്ട വിധം ആദരിക്കുവാൻ ഒരു സിനിമാക്കാരനും വന്നിട്ടില്ല എന്നതിൽ ഖേദവും രോഷവും പ്രകടിപ്പിക്കുന്നത് കണ്ടു. ഇത് വളരെ ശരിയാണ്. വിനു പറഞ്ഞു, മരിക്കണമെങ്കിൽ എറണാകുളത്ത് പോയി മരിക്കണമെന്ന്. പണ്ടൊരു സന്ദർഭത്തിൽ പ്രശസ്ത നടനും സംവിധായകനുമായ രഞ്ജിത്തും ഇതുപോലെ പറഞ്ഞിട്ടുണ്ട്. മരിക്കണമെങ്കിൽ എറണാകുളത്ത് പോയി മരിക്കണമെന്ന്. ഇതൊക്കെ സത്യമാണ്. ടി പത്മനാഭൻ പ്രതികരിച്ചു.
മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി എം വിനു ഉന്നയിച്ചത്. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകൻ മുന്നോട്ടുവച്ചു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും അനുസ്മരണ സമ്മേളനത്തിൽ വി എം വിനു പറഞ്ഞു. താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.