ദില്ലി : മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് മണിപ്പൂരില്‍ ഗോത്രവിഭാഗത്തിന്‍റെ പ്രതിഷേധം തണ്ണീര്‍ത്തട സര്‍വേയുടെ പേരില്‍ ഗോത്രമേഖലകളിലടക്കം വ്യാപക കുടിയൊഴിപ്പിക്കല്‍ നടക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തും, സംഘചേരല്‍ ഒഴിവാക്കിയും സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
വനമേഖലകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിന്‍റെ ഭാഗമായി മണിപ്പൂരില്‍ നടക്കുന്ന സര്‍വേ സംഘര്‍ഷത്തിലേക്ക്. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിലും, കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലും പ്രതിഷേധിക്കുന്ന ഗോത്രവിഭാഗങ്ങള്‍ തെരിവിലിറങ്ങി. അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തി മൂന്ന് ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കിയതോടെ പ്രതിഷേധക്കാര്‍ കൂടുതല്‍ പ്രകോപിതരായി. ചുരാചന്ദ് പൂരില്‍ മുഖ്യമന്ത്രി ബിരേന്‍സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്യേണ്ട ജിമ്മിന് തീയിട്ടായിരുന്നു പ്രതിഷേധം.
പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍വേക്കെതിരെ കഴിഞ്ഞ കുറെ നാളുകളായി പ്രതിഷേധം നിലനില്‍ക്കുകയാണ്. ഗോത്രവിഭാഗത്തിന് പറയാനുള്ളത് കേള്‍ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പരിഗണിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച് ഗോത്രവിഭാഗമായ കുക്കി സമുദായത്തില്‍ പെട്ട 12 എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ച് ബിരേന്‍ സിംഗിനെ മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഒപ്പിയം കൃഷിക്കെതിരെ വനമേഖലകളില്‍ നടക്കുന്ന വേട്ടയും ഗോത്രവിഭാഗങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ്.