തിരുവനന്തപുരം> ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയുടെ പരാമര്‍ശം ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു. രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകള്‍ അവര്‍ തിരുത്തണമെന്നും മന്ത്രി ഡോ ബിന്ദു ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയില്‍ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ല. കായികമേഖലയടക്കമുള്ള പൊതുരംഗത്തേക്ക് ഏറെ പ്രയാസപ്പെട്ട് കടന്നുവരുന്നവരാണ് പുതുതലമുറ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍. ആ പ്രയാസം കരിയറില്‍ എമ്പാടും അനുഭവിച്ച ശ്രീമതി. ഉഷ അവര്‍ക്ക് നല്‍കുന്നത് അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പാകുന്നത് അതിശയകരമാണ്. ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ വേട്ടക്കാരുടെ തിട്ടൂരം പാലിച്ചു പ്രതികരിക്കണമെന്ന പെണ്‍വേട്ടക്കാരുടെ ശാസനം സമാരാധ്യയായ താരത്തിലൂടെ പുറത്തുവരുന്നത് അവര്‍ സ്വന്തം നിലയും വിലയും കളഞ്ഞുകുളിക്കുന്നതിന് തുല്യമാണ്.ഇന്ത്യന്‍ ഭരണഘടന ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് ഉറപ്പുനല്‍കുന്ന നീതി ഇരകളാക്കപ്പെട്ടവര്‍ക്ക് ഉറപ്പാക്കാന്‍ ജനപ്രതിനിധിയെന്ന പദവി കൂടി വഹിക്കുന്ന ശ്രീമതി. ഉഷയ്ക്ക് ഉത്തരവാദിത്തമുണ്ട് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.