ഗയാന : അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനാണ് ഇന്ത്യൻ കൗമാര സംഘം പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.4 ഓവറിൽ 187 റൺസിന് ഓൾഔട്ടായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ വിക്കി ഒസ്ത്വാളും നാലു വിക്കറ്റ് നേടിയ രാജ് ബാവയുമാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ തകർത്തത്. 10 ഓവറിൽ വെറും 28 രൺസ് മാത്രം വഴങ്ങിയാണ് ഒസ്ത്വാൾ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. 99 പന്തിൽ നിന്ന് 2 സിക്സും 6 ഫോറുമടക്കം 65 റൺസെടുത്ത ബെവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 61 പന്തിൽ നിന്ന് 36 റൺസെടുത്ത ക്യാപ്റ്റൻ ജോർജ് വാൻ ഹീർഡെനും 33 പന്തിൽ നിന്ന് 25 റൺസെടുത്ത ഓപ്പണർ വാലിന്റൈൻ കിറ്റിമെയ്ക്കും മാത്രമാണ് തുടർന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചത്. അഞ്ചു പേർ രണ്ടക്കം കാണാതെയും രണ്ടുപേർ അക്കൗണ്ട് തുറക്കും മുമ്പും പുറത്തായി.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.5 ഓവറിൽ 232 റൺസിന് ഓൾഔട്ടാകുകയായിരുന്നു. തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം മെച്ചപ്പെട്ട കൂട്ടുകെട്ടുകൾ പടുത്തുയർത്തിയാണ് ഇന്ത്യ 232 എന്ന സ്കോറിലെത്തിയത്. സ്കോർ 11-ൽ എത്തിയപ്പോൾ തന്നെ ഓപ്പണർമാരായ ഹർനൂർ സിങ്ങിനെയും (1) ആംഗ്രിഷ് രഘുവംശിയേയും (5) ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഷായിക് റഷീദ് – ക്യാപ്റ്റൻ യാഷ് ദുൾ സഖ്യം 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 54 പന്തിൽ നിന്ന് 31 റൺസെടുത്ത റഷീദ് 20-ാം ഓവറിൽ പുറത്തായി. പിന്നാലെ നിഷാന്ത് സിന്ധുവിനെ കൂട്ടുപിടിച്ച് യാഷ് സ്കോർ ഉയർത്തി. 100 പന്തിൽ നിന്ന് 11 ഫോറടക്കം 82 റൺസെടുത്ത യാഷ് നിർഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. സിന്ധു 25 പന്തിൽ നിന്ന് 27 റൺസെടുത്തു. തുടർന്ന് 44 പന്തിൽ നിന്ന് 35 റൺസെടുത്ത കൗശൽ താംബെയാണ് ഇന്ത്യയെ 200 കടത്തിയത്.