പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ വ്യക്തമാക്കുന്ന ഉന്നതതല സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ച് ഇന്നു രണ്ടു വർഷം തികയുമ്പോഴും തീരുമാനമെടുക്കാതെ സർക്കാർ. 2021 ഏപ്രിൽ 30നു സമർപ്പിച്ച റിപ്പോർട്ടാണു മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഓഫിസിലുള്ളത്. സിപിഎമ്മിന്റെ തീരുമാനം വരാത്തതിനാൽ മന്ത്രി ഫയലിൽ എന്തെങ്കിലും രേഖപ്പെടുത്തുകയോ വകുപ്പിലേക്കു തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ല.
2013 ഏപ്രിൽ ഒന്നിനു സംസ്ഥാനത്തു പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കി. അതിനെതിരെ രംഗത്തുവന്ന സിപിഎം, ഇടതുമുന്നണിക്കു ഭരണം ലഭിച്ചാൽ പദ്ധതി പിൻവലിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അധികാരത്തിൽ എത്തിയപ്പോൾ പദ്ധതിയുമായി മുന്നോട്ടുപോകാനാണു തീരുമാനിച്ചത്. ജീവനക്കാരുടെ സമ്മർദം ശക്തമായപ്പോൾ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ ആർ.സതീഷ് ചന്ദ്രബാബു ചെയർമാനായ സമിതിയെ നിയോഗിച്ചു. പദ്ധതി പിൻവലിക്കാമെന്നും അല്ലെങ്കിൽ മികച്ച പാക്കേജുകൾ നടപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ടെന്നാണു വിവരം. റിപ്പോർട്ട് പുറത്തുവിടാൻ പോലും സർക്കാർ തയാറല്ല.