തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമമടക്കം വലിയ തലവേദനയായിരുന്ന തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനിമുതൽ പൊലീസിന്റെ ഇ പട്രോളിങ്. നിന്നു സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറാണ് പരീക്ഷണാടിസ്ഥാനത്തിൽ പട്രോളിങ്ങിനിറങ്ങുന്നത്.
ഒച്ചയും ബഹളവുമില്ലാതെ ആൾക്കൂട്ടത്തിനൊപ്പം അവരിലൊരാളായി പൊലീസ്. ആവശ്യം കഴിഞ്ഞാൽ സ്കൂട്ടർ മടക്കി കൈയിലെടുത്തു കണ്ടുപോവുകയുമാകാം. നിലവിൽ പത്ത് കിലോമീറ്ററിൽ വേഗത പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് കൂട്ടി, പെട്ടെന്ന് ഓടിയെത്തലുമാകാം. മ്യൂസിയം പോലെ ഒരുപാടു പേരെത്തുന്ന, എന്നാൽ വാഹനങ്ങൾ കടക്കാത്ത സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ഇതുവഴി ആകുമെന്നാണ് കണക്കുകൂട്ടൽ. ക്ലിക്കായാൽ സംഗതി വ്യാപിപ്പിക്കും.വിദേശരാജ്യങ്ങളിൽ ഇതിനോടകം പ്രചാരം നേടിയതാണ് ഹോവർബോർഡ് അഥവാ ഇ സ്കൂട്ടറുകൾ. മാർക്കറ്റുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സുരക്ഷയ്ക്കും വാഹനം പോകാത്ത സ്ഥലങ്ങളിൽ പൊലീസിന് വേഗത്തിലെത്താനും ഉചിതമാണ് ഇവ.