ന്യൂഡൽഹി: ‘കേരള സ്‌റ്റോറി’ സിനിമയുടെ ലക്ഷ്യം കേരളത്തിലെ മതസൗഹാർദം തകർക്കലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസ് –-ബിജെപി വർഗീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ആയുധമാണ് സിനിമയെന്നും അദ്ദേഹം ഡൽഹിയിൽ പ്രതികരിച്ചു. വിദ്വേഷ പ്രചാരണത്തിനെതിരെ കേസെടുക്കണമെന്ന് സുപ്രീംകോടതിതന്നെ നിർദേശിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സ്‌ത്രീകളെ കടത്തിക്കൊണ്ടുപോയെന്ന് പറയുന്നത് തെറ്റായ പ്രചാരവേലയാണ്.
ന്യൂനപക്ഷങ്ങൾക്ക് എതിരെ കടന്നാക്രമണം നടത്താൻ ആശയതലം സൃഷ്ടിക്കലാണ് സിനിമയുടെ ലക്ഷ്യം. സിനിമ നിരോധിക്കുന്നതു സംബന്ധിച്ച തീരുമാനം സർക്കാർ പരിശോധിക്കട്ടെ. നിരോധനവും നിഷേധിക്കലുമല്ല, മറിച്ച് ഇതിനെതിരെ ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും ഗോവിന്ദൻ വ്യക്തമാക്കി. കേരളീയ മതനിരപേക്ഷ സമൂഹം ശക്തമായി ഇതിനെ എതിർക്കും. മൂന്ന് സാർവദേശീയ മതങ്ങളും കേരളത്തിലേതുപോലെ വിന്യസിക്കപ്പെട്ട ഒരിടവും ലോകത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.