സിയോള്‍: യുഎസ് ദക്ഷിണ കൊറിയ ആണവ ധാരണയ്ക്ക് മറുപടി നല്‍കുമെന്ന് വ്യക്തമാക്കി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ്. ആണവ ധാരണയിലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പരാമര്‍ശങ്ങള്‍ വയസ് കാലത്തെത്തിയ ഒരാളിന്‍റെ ബോധമില്ലാത്ത പരാമര്‍ശമെന്നാണ് കിം യോ ജോങ് നിരീക്ഷിക്കുന്നത്. യുഎസ്-ദക്ഷിണ കൊറിയൻ ആണവ പ്രതിരോധ കരാറിന് മറുപടിയായി കൂടുതല്‍ ശക്തമായ രീതിയില്‍ സൈനിക ശക്തി പ്രകടിപ്പിക്കുമെന്നും അവര്‍ വിശദമാക്കി. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സുക് യിളോളുമായുള്ള ഉച്ചകോടിയില്‍ ജോ ബൈഡന്‍ പങ്കെടുത്തതിന് പിന്നാലെയാണ് കിം യോ ജോങിന്‍റെ പ്രതികരണം. ഉത്തരവാദിത്ത രഹിതമായ ധീരത പ്രകടിപ്പിക്കുന്ന ബൈഡനുള്ളത് വളരെ തെറ്റായ കണക്ക് കൂട്ടലുകളാണെന്നും കിം യോ ജോങ് പ്രതികരിച്ചു.
അമേരിക്കയുടെ സുരക്ഷയുടേയും ഭാവിയുടേയും ഉത്തരവാദിത്തമേല്‍ക്കാന്‍ ഒട്ടും കഴിവില്ലാത്ത പടു വൃദ്ധന്‍റെ ബാലിശമായ പരാമര്‍ശങ്ങളാണ് ഉച്ചകോടിയിലുണ്ടായതെന്നാണ് കിം ബൈഡന്‍റെ പരാമര്‍ശങ്ങളെ വിലയിരുത്തുന്നത്. തന്‍റെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യേണ്ട് കാലം ഏറെയുള്ളതിനാലാണ് ഇത്തരം അസംബന്ധ പരാമര്‍ശങ്ങള്‍ ബൈഡന്‍ നടത്തുന്നതെന്നാണ് കിം വിമര്‍ശിക്കുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്തര കൊറിയന്‍ ആയുധ അഭ്യാസങ്ങളുടേയും ദക്ഷിണ കൊറിയ അമേരിക്ക സംയുക്ത സൈനിക അഭ്യാസങ്ങളുടേയും വേഗം വര്‍ധിക്കുന്നതിനിടയിലാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് വാഷിംഗ്ടണിലെത്തി അമേരിക്കന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയത്.
2022ന്‍റെ ആരംഭം മുതല്‍ 100ഓളം മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. അമേരിക്കയെ ലക്ഷ്യമിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയാണ് ഇത്. ഉത്തര കൊറിയയെ ഒരു ആണവ ശക്തിയെന്ന രീതിയില്‍ അവതരിപ്പിക്കാനും അത് വഴി അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സുരക്ഷാ ഇളവുകള്‍ നേടിയെടുക്കാനുമുള്ള പ്രചാരണങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ബൈഡന്‍ യൂന്‍ കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തില്‍ നിരവധി പ്രതിരോധ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ദശാബ്ദങ്ങള്‍ക്ക് ശേഷം ആദ്യമായി യുഎസ് ആണവ സായുധ അന്തര്‍ വാഹിനികള്‍ ദക്ഷിണ കൊറിയയില്‍ എത്തി പരിശീലനം നടത്തുന്നതടക്കമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഉത്തര കൊറിയയുടെ ആക്രമണം ഉണ്ടായാല്‍ അത് സംയുക്തമായി ചെറുക്കുന്നതിനുള്ള ധാരണയും ഈ കൂടിക്കാഴ്ചയിലുണ്ടായിട്ടുണ്ട്.