തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡിന്റെ അതിതീവ്ര വ്യാപനം. ഇന്നലെ 17,755 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 26.92 ശതമാനമായി ഉയര്‍ന്നു. പരിശോധിക്കുന്ന നാലിലൊന്നു പേര്‍ക്ക് കോവിഡ് എന്നതാണ് സ്ഥിതി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. പരിശോധിച്ചതിൽ നാലിലൊന്നുപേരും പോസിറ്റീവായത് അതീവ ഗുരുതര സാഹചര്യമാണെന്നും പരിശോധന വർധിപ്പിക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കോവിഡ് സ്ഥിരീകരിച്ചതിൽ 4 ശതമാനം പേർ മാത്രമേ ആശുപത്രികളിലുള്ളൂ എന്നതാണ് ആശ്വാസം. കഴിഞ്ഞ മൂന്നുദിവസമായി തിരുവനന്തപുരത്ത് ടിപിആര്‍ 32നു മുകളിലാണ്. ഇന്നലെ എറണാകുളത്തെ ടിപിആര്‍ 33ന് മുകളിലാണ്. ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ ചടങ്ങുകള്‍ക്ക് 50 പേരില്‍ കൂടുതല്‍ അനുവദിക്കില്ല. മതപരമായ ഒത്തുചേരലുകള്‍ക്കും ഇത് ബാധകം.
തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങളും നിരോധിച്ചു. സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓൺലൈനിലേക്ക് മാറും. സംസ്ഥാനത്തു ഒമിക്രോൺ ബാധിതരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. 48 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ ബാധിതർ 528 ആയി. കോഴിക്കോട് 12, എറണാകുളം 9, തൃശൂർ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് 1 വീതം എന്നിങ്ങനെയാണു പുതിയ കേസുകളുടെ എണ്ണം. ഇതിനു പുറമേ യുഎഇയിൽനിന്നെത്തിയ 3 തമിഴ്നാട് സ്വദേശികൾക്കും സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 90,649 പേരാണ് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. അതിൽ പകുതിയോളം പേരും പോസിറ്റീവായത് കഴിഞ്ഞ 3 ദിവസത്തിനിടെയാണ്. തിരുവനന്തപുരം (4694), എറണാകുളം (2637) ജില്ലകളിലാണ് ഇന്നലെ കൂടുതൽ പേർ പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങൾക്കൊപ്പം മുൻപു നടന്ന 89 മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആകെ കോവിഡ് മരണം 50,674 ആയി. 3819 പേർ ഇന്നലെ കോവിഡ് മുക്തരായി.