നിത്യവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. സ്ട്രീറ്റ് ഫുഡില്‍ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും വിമര്‍ശനങ്ങള്‍ നേരിടാറുമുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു കുല്‍ഫിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പലര്‍ക്കും വേനൽക്കാലത്ത് കഴിക്കാന്‍ ഇഷ്ടമുള്ള ഒന്നാണ് കുൽഫി. കത്തുന്ന ചൂടിൽ നിന്ന് ശരീരത്തെ തണുപ്പിക്കാന്‍ ഇവ സഹായിക്കുന്നു. മലൈ കുൽഫി, പിസ്ത കുൽഫി, മാംഗോ കുൽഫി അങ്ങനെ പലയിനം കുല്‍ഫികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ സ്വര്‍ണ ഇലയിൽ പൊതിഞ്ഞ കുൽഫി ആരെങ്കിലും കഴിച്ചിട്ടുണ്ടോ? ഇൻഡോറിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റോളിലാണ് “ഗോൾഡ് കുൽഫി” വില്‍ക്കുന്നത്. അതും 24 കാരറ്റ് സ്വര്‍ണ ഇലയിൽ പൊതിഞ്ഞ കുൽഫിയാണത്രേ ഇവിടെ വില്‍ക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്.
https://www.instagram.com/reel/CrBQwQDLljj/?utm_source=ig_web_copy_link
കടക്കാരന്‍ ഐസ്ക്രീം ഫ്രീസറില്‍ നിന്ന് കുല്‍ഫി പുറത്തെടുത്ത് അതിന്‍റെ കവര്‍ നീക്കം ചെയ്തതിനു ശേഷം ഭക്ഷ്യയോഗ്യമായ ഗോള്‍ഡ് ലീഫ് കൊണ്ട് റോള്‍ ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 351 രൂപയ്ക്കാണ് സ്വര്‍ണ കുല്‍ഫി വില്‍ക്കുന്നത്. കടയുടമയുടെ കൈയിലും കഴുത്തിലും സ്വര്‍ണ നിറത്തിലുള്ള മാലകളും വളകളും കാണാം. വീഡിയോ വൈറലായതോടെ പ്രതികരണം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഉടമയുടെ ആഭരണം കണ്ടിട്ട് ഈ ഇലയും സ്വര്‍ണം ആകാന്‍ സാധ്യതയില്ല എന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്.