കൊല്ലം: ആശ്രാമത്ത് ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം മേയ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്ത് പ്രഖ്യാപിച്ച 14 സാംസ്കാരിക സമുച്ചയങ്ങളിൽ പ്രവർത്തനസജ്ജമായ ആദ്യത്തേതാണിത്. രാവിലെ 11.30ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ എന്നിവർ മുഖ്യാതിഥികളാകും.
എൻ. കെ. പ്രേമചന്ദ്രൻ എം.പി, എം. മുകേഷ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ എന്നിവർ വിശിഷ്ടാതിഥികളാകും. കൊല്ലത്തെ സാംസ്കാരിക ജീവിതത്തിന് ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം പുത്തൻ ഉണർവ് നൽകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മന്ത്രി സജി ചെറിയാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമുച്ചയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനം സംബന്ധിച്ച് ഉദ്ഘാടനത്തിന് മുമ്പ് തീരുമാനമാകും. പൂർണമായും സർക്കാർ നിയന്ത്രണത്തിലാകും പ്രവർത്തനമെന്നും മന്ത്രി വ്യക്തമാക്കി.
ഉദ്ഘാടനത്തോടനുബന്ധിച്ച് മേയ് മൂന്ന് മുതൽ ഏഴ് വരെ വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. സാഹിത്യ അക്കാദമി, ബുക്ക് മാർക്ക്, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവവും നടക്കും. മേയ് മൂന്നിന് വൈകിട്ട് ആറിന് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന താമരശേരി ചുരം ബാൻഡിന്റെ സംഗീത വിരുന്ന്, നാലിന് വൈകിട്ട് ആറിന് കെ.എസ്.എഫ്.ഡി.സി അവതരിപ്പിക്കുന്ന നാദിർ ഷായും രമേഷ് പിഷാരടിയും നയിക്കുന്ന മ്യൂസിക് ഷോ, അഞ്ചിന് വൈകിട്ട് ഏഴിന് രേഖ രാജും സംഘവും അവതരിപ്പിക്കുന്ന ‘ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരം’, താമരക്കുടി, പ്രണവം തിയറ്റേഴ്സിന്റെ കാക്കാരിശി നാടകം, പുനലൂർ രാജന്റെ ഫോട്ടോഗ്രാഫി എക്സിബിഷൻ, ആറിന് ഗാന്ധിഭവൻ തിയറ്ററിന്റെ നാടകം ‘നവോഥാനം’, ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്ര പ്രദർശനം, ഏഴിന് വൈകിട്ട് ഏഴിന് ടി.എം. കൃഷ്ണയുടെ സംഗീത കച്ചേരി ഉൾപ്പെടെ പരിപാടികളാണ് നടക്കുന്നത്.
എം. മുകേഷ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ചന്ദ്രൻ, കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ എൻ. മായ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.