തേഞ്ഞിപ്പലം : ചുള്ളിക്കണ്ടലിന്റെ പുതിയ കഴിവുകൾ കണ്ടറിഞ്ഞ് ശാസ്ത്രസംഘം. വിഷാംശമുള്ള ഘനലോഹങ്ങളെ വലിച്ചെടുക്കാനും മണ്ണിനെ ശുദ്ധീകരിക്കാനും ചുള്ളിക്കണ്ടലിന് കഴിയുമെന്നാണ് കണ്ടെത്തൽ. കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി പഠനവിഭാഗം മേധാവി ഡോ. ജോസ് ടി. പുത്തൂരിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ചുള്ളിക്കണ്ടലിന്റെ കഴിവുകൾ പുറത്തുവന്നത്. കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് പ്രദേശത്തായിരുന്നു മൂന്നുവർഷമായി നടത്തിയ പഠനം. ഇതുസംബന്ധിച്ച ലേഖനം അന്താരാഷ്ട്ര ശാസ്ത്രപ്രസാധകരായ എൽസേവ്യറിന്റെ ‘ എൻവയൺമെന്റൽ പൊലൂഷൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ഗവേഷണ ഫെലോ ശരത് ജി. നായർ, സർ സയ്യിദ് കോളേജിലെ അസി. പ്രൊഫ. ഡോ. എ.എം. ഷാക്കിറ എന്നിവരും സംഘത്തിലുണ്ട്. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 25 ലക്ഷം രൂപയുടെ ഗവേഷണ പദ്ധതിയിൽ സൗദി അറേബ്യയിലെ കിങ് സൗദി യൂണിവേഴ്സിറ്റി, യു.കെ.യിലെ നാൻഡ്വിച്ചിലുള്ള ഗവേഷണകേന്ദ്രം എന്നിവയും സഹകരിച്ചു.