ദില്ലി: ദില്ലി പൊലീസിലെ ഹെഡ് കോൺസ്റ്റബിളിൻറെ കൊലപാതകത്തിൽ ദുർമന്ത്രവാദി അറസ്റ്റിൽ. മീററ്റ് സ്വദേശി ഗണേശാനന്ദയാണ് പിടിയിലായത്. ഭാര്യയെ ഒഴിവാക്കാൻ മന്ത്രവാദം നടത്താനെത്തിയ പൊലീസുകാരനെയാണ് ദുർമന്ത്രവാദി കൊന്നത്. പൊലീസുകാരനിൽ നിന്ന് പണവും തട്ടിയെടുത്തിരുന്നു. ദില്ലി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ഗോപിചന്ദ് കൊല്ലപ്പെട്ട കേസിലാണ് ഗണേശാനന്ദ അറസ്റ്റിലായത്.
മാർച്ച് 26 മുതൽ പൊലീസുകാരനെ കാണാനില്ലായിരുന്നു. ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഗോപിചന്ദിന്റെ ഫോൺ കോളുകൾ പരിശോധിച്ചതോടെയാണ് സുർജേപൂർ ഗ്രാമത്തിലുള്ള ഗണേശാനന്ദയുമായുള്ള അടുപ്പം വ്യക്തമായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ ഇരുവരും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ഇതിനിടെ ഗോപിചന്ദിൻറെ ബൈക്ക് സുർജേപൂരിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. ഗണേശാനന്ദയുടെ ആശ്രമത്തിൽ പൊലീസ് എത്തിയെങ്കിലും ഇയാൾ അവിടെ ഉണ്ടായിരുന്നില്ല.ഏതാനും ദിവസത്തിന് ശേഷം തിരിച്ചെത്തിയതോടെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഗണേശാനന്ദ പറഞ്ഞതിങ്ങനെ. ഭാര്യയുമായി അത്ര അടുപ്പത്തിലായിരുന്നില്ല ഗോപിചന്ദ്. ദുർമന്ത്രവാദം നടത്തി ഭാര്യയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വർഷം മുമ്പ് തന്റെ അടുത്ത് എത്തിയത്. മാർച്ചിൽ വീണ്ടും ഗോപിചന്ദെത്തി. ഒന്നര ലക്ഷം രൂപയും കൈവശമുണ്ടായിരുന്നു. ഇത് തട്ടിയെടുക്കാൻ താൻ ഗോപിചന്ദിനെ കൊല്ലുകയായിരുന്നെന്നും ഗണേശാനന്ദ മൊഴി നൽകിയിട്ടുണ്ട്.