ന്യൂഡൽഹി ∙ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ജനങ്ങളോടു സ്വാഭാവികമായി അടുത്തിടപഴകിയ തനിക്ക് പ്രധാനമന്ത്രിയായി ഡൽഹിയിലെത്തിയ ആദ്യനാളുകളിൽ ശൂന്യത അനുഭവപ്പെട്ടെന്ന് നരേന്ദ്ര മോദി ‘മൻ കി ബാത്ത്’ പ്രഭാഷണത്തിൽ പറഞ്ഞു. ഇതു പരിഹരിക്കാനും ജനങ്ങളോടു കൂടുതൽ അടുക്കാനും സഹായിച്ചതു പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്താണ് എന്നു സൂചിപ്പിച്ചുകൊണ്ടായിരുന്നു പരാമർശം. സുരക്ഷിതത്വത്തിന്റെ സങ്കീർണത മുതൽ സമയപരിധി വരെ വിവിധ കാര്യങ്ങളാൽ ഡൽഹിയിലെ ജോലി വ്യത്യസ്തമാണെന്നു തിരിച്ചറിഞ്ഞ നാളുകളായിരുന്നു തുടക്കത്തിൽ എന്നും ‘മൻ കി ബാത്തിന്റെ’ നൂറാം പതിപ്പിൽ പ്രധാനമന്ത്രി മനസ്സുതുറന്നു.
ജനങ്ങളിൽനിന്ന് അകന്നുപോകുന്നില്ലായെന്നുറപ്പാക്കുന്നതാണ് മൻ കി ബാത്തെന്നും ഇന്ത്യയിലെ കോടിക്കണക്കിനാളുകളുടെ വികാരമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും മോദി പറഞ്ഞു. നേരത്തേയുള്ള മൻ കി ബാത്ത് പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെട്ട ചില പ്രമുഖരുമായുള്ള ആശയവിനിമയമായിരുന്നു 100–ാം പതിപ്പിലെ പ്രത്യേകത.