തൃശൂര്‍: തൃശൂര്‍ പൂരത്തിലെ ലിയോണല്‍ മെസി ലോക ശ്രദ്ധയിലേക്ക്. തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിനിടെയാണ് തിരുവമ്പാടി വേറിട്ട കുട ആനപ്പുറത്തുയര്‍ന്നത്. ലോകകിരീടം നേടിയ അര്‍ജന്റൈന്‍ ഇതിഹാസം മെസിക്ക് ആശംസയുമായിട്ടാണ് തിരുവമ്പാടി മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചത്.
വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂര്‍ പൂരം ലോക ശ്രദ്ധയാകര്‍ഷിച്ച ഉത്സവമാണ്. കുടമാറ്റത്തിന്റെ വീഡിയോ കേരളത്തില്‍ തരംഗമായതിന് പിന്നാലെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും പങ്കുവച്ചിട്ടുണ്ട്.
അധികം വൈകാതെ വീഡിയോ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന്റേയും മെസിയുടേയും ശ്രദ്ധയില്‍ പെടുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും മാത്രമല്ല ഒരുപാട് വിദേശ പൗരന്മാരും തൃശൂര്‍ പൂരം കാണാന്‍ എല്ലാവര്‍ഷവും എത്താറുണ്ട്.
1.2 മില്ല്യന്‍ ആളുകള്‍ പങ്കെടുത്ത ഏഷ്യയിലെ ഏറ്റവും വലിയ ഉല്‍സവത്തിലാണ് മെസ്സിക്ക് അഭിനന്ദനങ്ങള്‍ നല്‍കിയതെന്നാണ് ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞിരിക്കുന്നത്. ഒട്ടേറേ ഫോളോവേഴ്സുള്ള ഗോള്‍ ഇന്ത്യ ഡോട്ട് കോമും വാര്‍ത്ത പങ്കിവച്ചിട്ടുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം
വര്‍ണാലങ്കാരങ്ങളും ദേവ രൂപങ്ങളും കുടകളില്‍ നിറഞ്ഞു. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തില്‍ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു. മെസിയുടെ ആരാധകരുടെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും തൃശൂര്‍ പൂരത്തിന്റെ സവിശേഷതയും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇത്രയും റീച്ച് കിട്ടുമ്പോള്‍ തന്നെ കുടമാറ്റത്തിന്റെ വീഡിയോ അതികം വൈകാതെ അര്‍ജന്റീനയിലുമെത്തും.
നേരത്തെ, ലോകകപ്പിനിടെ കേരളത്തിലെ ആവേശവും ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ ദൃശ്യങ്ങളും ഫോട്ടോകളും ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.