കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്ത് സ്പോർട്സ് ക്ലബ്ബ് ആൻറ് ചാരിറ്റബിൾ ട്രസ്റ്റിൻറെ പേരിൽ മുറി വാടകക്കെടുത്ത് ചീട്ടുകളി. പീരുമേട് പൊലീസ് നടത്തിയ റെയ്ഡിൽ പതിനേഴ് പേരടങ്ങിയ വൻചീട്ടുകളി സംഘം പിടിയിലായി. ഇടുക്കിയിലെ കുട്ടിക്കാനം കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി വൻ ചീട്ടുകളി സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കുട്ടിക്കാനം ടൗണിൽ മുറി വാടകക്കെടുത്ത് ജനറസ് ഹാർട്സ് സ്പോർട്സ് ക്ലബ്ബ് ആൻറ് ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ ക്ലബ്ബ് രൂപീകരിച്ചായിരുന്നു പ്രവർത്തനം.
അന്വേഷണം നടത്തിയ ശേഷം ക്ലബ് അധികൃതർക്ക് പൊലീസ് നോട്ടീസ് നൽകി. കത്ത് ലഭിച്ച ഉടൻ ട്രസ്റ്റ് പണം വച്ചുള്ള ചീട്ടുകളി പോലുള്ള പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് അധികൃതർ മറുപടിയും നൽകിയിരുന്നു. എന്നാൽ പോലീസ് ക്ലബ്ബിൻറെ പ്രവർത്തനം പൊലീസ് രഹസ്യമായി നീരീക്ഷിക്കുകയായിരുന്നു. പണം വച്ച് ചീട്ടുകളി നടക്കുന്നത് ഉറപ്പാക്കിയ ശേഷം റെയ്ഡ് നടത്തി. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ 17 പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ നിന്നും ചീട്ടുകളിക്ക് വച്ചിരുന്ന 49,000 രൂപയും പിടിച്ചെടുത്തു. 13 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.