ദില്ലി: കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. എന്നാൽ വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് നിലപാടെടുത്തു. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. എന്നാൽ നാളെ വിശദമായ ഹർജി ചീഫ് ജസ്റ്റിസിന് മുമ്പാകെ നൽകാമെന്ന് പറഞ്ഞ് ചുവടുമാറ്റിയ കപിൽ സിബൽ കോടതി ട്രെയിലർ കാണണമെന്നും ജസ്റ്റിസ് കെഎം ജോസഫിനോട് പറഞ്ഞു. ടിവിയിൽ ഇതിൻറെ റിപ്പോർട്ട് കണ്ടെന്നായിരുന്നു ജസ്റ്റിസ് കെഎം ജോസഫിന്റെ മറുപടി. സിനിമ വെള്ളിയാഴ്ച റിലീസാണെന്ന് ഓർമ്മിപ്പിച്ച സിബൽ ഇത് തടയാൻ സാധ്യമായ വഴി നോക്കുമെന്നും വ്യക്തമാക്കി.