ന്യൂഡൽഹി > സിനിമയിലുടെ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യഥാർത്ഥ കേരളത്തിന്റെ സ്റ്റോറി “ദ കേരള സ്‌റ്റോറി’ അല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികവുറ്റ സാങ്കേതിക സംവിധാനങ്ങളും ഇൻഫ്രാസ്ട്രക്‌ചറും ഉള്ളതാണ് കേരളത്തിന്‍റെ യഥാർത്ഥ കഥയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തിയ നാടാണ് യഥാർത്ഥ കേരള സ്റ്റോറി. കേരളത്തിന്റെ യഥാർഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലൗ ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകൾ യഥാർഥവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ ജനങ്ങൾ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിർത്തവരാണെന്നും യെച്ചൂരി പറഞ്ഞു.
32 000 ല്‍ നിന്ന് മൂന്ന് എന്ന സംഖ്യയിലേക്ക് തിരുത്തിയപ്പോള്‍ തന്നെ ഇതിന് പിന്നിൽ കളിച്ചവരുടെ ബുദ്ധി മനസ്സിലാക്കണം. ഇത്തരത്തിൽ മുൻപും സിനിമകൾ ഇറങ്ങിയിട്ടുണ്ടെന്നും കാശ്‌മീർ ഫയൽസ് അതിന് ഉദാഹരണമാണെന്നും യെച്ചൂരി പറഞ്ഞു. കേരള മുഖ്യമന്ത്രി പറഞ്ഞതു പോലെ ലൗ ജിഹാദ് എന്ന വ്യാജ പ്രചാരണത്തിന് ഊന്നല്‍ നല്‍കി വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് സിനിമയുടെ പിന്നില്‍ ശ്രമിച്ചവരുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സിനിമ നിരോധനത്തിന് എതിരാണ്. എന്നാൽ കേരള സ്റ്റോറിയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും സിനിമ വിവാദത്തിൽ യെച്ചൂരി പറഞ്ഞു.