റൊമാനിയ : ദേശീയ സ്കൂൾ പാഠ്യപദ്ധതിയിൽ പരിസ്ഥിതി പഠനം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉൾപ്പെടുത്താനൊരുങ്ങി റൊമാനിയ. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വരുംതലമുറയെ ബോധവാന്മാരാക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം മനുഷ്യന്റെ മനോഭാവങ്ങളിൽ മാറ്റം സൃഷ്ടിക്കും. അതു കൊണ്ടു തന്നെ കാലാവസ്ഥാവ്യതിയാനത്തോടുള്ള സാമൂഹിക പ്രതികരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതിയിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തി പ്രകൃതിയെയും ഭാവിയെയും സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം, പ്രസിഡന്റ് ക്ലോസ് ഇയോഹാനിസ് വ്യക്തമാക്കി. പുതിയ പാഠ്യപദ്ധതി വിദ്യാർഥികളെ പരിസ്ഥിതിസംരക്ഷകരായി മാറ്റുമെന്നാണ് ഇതു സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്. പതിനായിരത്തോളം കുട്ടികളാണ് ഇതിൽ പങ്കാളികളാകുന്നത്. പരിസ്ഥിത സംഘടനകളിൽ നിന്ന് അനുകൂല നിലപാട് സർക്കാരിന് ഈ വിഷയത്തിൽ ലഭിച്ചു കഴിഞ്ഞു. റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കേണ്ട ഒന്നാണെന്ന് പ്രമേയത്തിന് പിന്തുണ നൽകി ഏജന്റ് ഗ്രീൻ എന്ന പരിസ്ഥിതി സംഘടനയുടെ പ്രതിനിധി ഗബ്രിയേൽ പോൻ പ്രതികരിച്ചു. ഇതു വഴി സ്കൂളുകളിൽ നിന്നുമുള്ള കാർബൺ ബഹിർഗമനം 2030 ഓടെ ഗണ്യമായി കുറയ്ക്കാൻ കഴിയും.
ഞങ്ങൾ ഉൾപ്പെടുന്ന പഴയ തലമുറയ്ക്ക് കാലാവസ്ഥാ വ്യതിയാനത്തെ തടയാനായില്ല. എന്നാൽ വിദ്യാഭ്യാസമെന്ന മാധ്യമത്തിലൂടെ അടുത്ത തലമുറയെ പരിസ്ഥിതിസംരക്ഷണത്തെ കുറിച്ച് ബോധവാന്മാരാക്കാൻ കഴിയും, ഗബ്രിയേൽ പറഞ്ഞു. വളരെ വിപ്ലവകരമായ മാറ്റത്തിനാണ് റൊമാനിയൻ സർക്കാർ തുടക്കമിട്ടിരിക്കുന്നത്. പരിസ്ഥിതിസംരക്ഷണത്തെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് പലപ്പോഴും പരിസ്ഥിതിനാശത്തിന് കാരണമാകുന്നത്. ഇതൊഴിവാക്കാനുള്ള പദ്ധതിക്കാണ് റൊമാനിയൻ സർക്കാർ ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.