വിഴിഞ്ഞം : തിരുവനന്തപുരം മുട്ടയ്ക്കാട് സ്വദേശിയായ 14കാരിയുടെ മരണത്തിൽ നിർണായക വഴിത്തിരിവ്. മുല്ലൂർ സ്വദേശിയും വയോധികയുമായ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ റഫീക്കയെയും മകനെയും ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് മറ്റൊരു കൊലപാതകത്തിന്റെ ചുരുൾ കണ്ടെത്താനായത്. വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഫീഖയുടെ മകൻ ഷെഫീഖ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് 14കാരിയെ കൊലപ്പെടുത്തിയതെന്ന് റഫീക്കയും മകനും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. ഇതോടെ മുട്ടയ്ക്കാട് പതിന്നാലുകാരിയുടെ മരണത്തിനു പിന്നിലും വയോധികയെ കൊലപ്പെടുത്തിയ റഫീക്കയും മകനുമാണെന്ന് വ്യക്തമായിരിക്കുകയാണ്. പോലീസ് അറസ്റ്റ് ചെയ്ത റഫീക്കയും മകനും ഇവരുടെ ആൺസുഹൃത്തും കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് പുറകിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു റഫീക്കയും മകനും ചേർന്ന് 14കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇതു സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യണമെന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരി 13നാണ് പതിന്നാലുകാരി മരണപ്പെടുന്നത്. ഈ സമയത്ത് മകന് പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു എന്ന് പോലീസ് സംശയിക്കുന്നുണ്ട്. റഫീഖയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തി തല ചുമരിൽ ചേർത്ത് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. അന്ന് മരണസമയത്ത് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാനൊക്കെ റഫീഖ ഉൾപ്പെടെയുള്ളവരായിരുന്നു മുൻകൈയെടുത്തത്. തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നായിരുന്നു അന്ന് കണ്ടെത്തിയിരുന്നത്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തിൽ സൂചന ലഭിക്കുകയും നിർണായക വഴിത്തിരിവ് ഉണ്ടാകുകയും ചെയ്തിരിക്കുന്നത്.