നമുക്കെല്ലാവർക്കും നമ്മുടെ ഏതെങ്കിലും പ്രിയപ്പെട്ട കഫെയോ ഹോട്ടലോ ഒക്കെ കാണും. ചിലപ്പോൾ അവിടുത്തെ ഭക്ഷണമായിരിക്കാം നമ്മെ ആകർഷിക്കുന്നത്. അതുമല്ലെങ്കിൽ അവിടുത്തെ ചുറ്റുപാടുകളായിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷെ എത്രനേരവും നമുക്ക് അവിടെ ചെലവഴിക്കാൻ പറ്റും എന്നതായിരിക്കാം. അത്തരം ഇടങ്ങളോട് നമുക്ക് പ്രത്യേകതരം മാനസിക അടുപ്പവും ഉണ്ട്.
അതുപോലെ ചില ഹോട്ടലുകൾക്കും കഫേകൾക്കും ഒക്കെ സ്ഥിരമായി വരുന്ന കസ്റ്റമറോടും ഇതേ അടുപ്പം ഉണ്ടാകാം. അങ്ങനെ ഒരു ഹോട്ടൽ സ്ഥിരമായി എത്തുന്ന കസ്റ്റമറിന് കൊടുത്ത സർപ്രൈസാണ് ഇപ്പോൾ വാർത്തയാകുന്നത്. ഒരു ഐറിഷ് കഫെയാണ് ഇത്തരത്തിൽ തങ്ങളുടെ കടയിൽ സ്ഥിരമായി പ്രഭാതഭക്ഷണം കഴിക്കാൻ വരുന്ന വൃദ്ധന് സർപ്രൈസ് നൽകിയത്. അതിന് വേണ്ടി എന്താണ് ചെയ്തത് എന്നല്ലേ? ഒരു വിഭവത്തിന് അദ്ദേഹത്തിന്റെ പേര് തന്നെ നൽകി.
തങ്ങൾക്ക് പ്രിയപ്പെട്ട കസ്റ്റമറിനെ ആദരിക്കുന്നതിന് വേണ്ടിക്കൂടിയാണ് കഫെ ഇങ്ങനെ ചെയ്തത്. ഒരു ദിവസം രാവിലെ ഭക്ഷണം കഴിക്കാനെത്തിയ അദ്ദേഹത്തിന് റെസ്റ്റോറന്റ് തങ്ങളുടെ മെനു കാർഡ് നൽകി. ശേഷം അദ്ദേഹത്തിന്റെ പേര് വിഭവത്തിന് നൽകിയത് ചൂണ്ടിക്കാണിച്ചു. അത് കണ്ട അദ്ദേഹത്തിന്റെ പ്രതികരണം ഏറെ ഹൃദയസ്പർശിയായിരുന്നു. കഫെയിലെ ജീവനക്കാർ ഇതിന്റെ വീഡിയോ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ അത് വൈറലായി.
ജോൺ എന്ന വ്യക്തി തങ്ങളുടെ വർഷങ്ങളായുള്ള പ്രിയപ്പെട്ട കസ്റ്റമറാണ്. പ്രഭാതഭക്ഷണം കഴിക്കാൻ എന്നും അദ്ദേഹം എത്തും. അതുകൊണ്ട് ആ വിഭവത്തിന് തങ്ങൾ ജോൺസ് ബ്രേക്ക്ഫാസ്റ്റ് എന്ന് പേര് നൽകി എന്ന് കഫെ വ്യക്തമാക്കി. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഇത്തരം വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ തങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.