തിരുവനന്തപുരം> ഭവനരഹിതരില്ലാത്ത സുന്ദരകേരളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിലേക്കുള്ള വലിയ കാൽവയ്പ്പാണ് വ്യാഴാഴ്ച കൈമാറുന്ന 20,073 വീടുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതൊരു മനുഷ്യന്റെയും അവകാശമാണ് അടച്ചുറപ്പുള്ള വീട്. ഇത് നൽകുന്ന സുരക്ഷിതബോധവും ആത്മവിശ്വാസവും ചെറുതല്ല. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന നാടായി കേരളത്തെ മാറ്റാൻ വികസനപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണ് എൽഡിഎഫ് സർക്കാരെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.