മോസ്കോ: പ്രസിഡന്റ് വ്ലാഡമിർ പുടിനെ വധിക്കാൻ യുക്രെയ്ൻ ശ്രമിച്ചുവെന്ന് ആരോണവുമായി റഷ്യ. പുടിനെ വധിക്കുന്നതിനായി യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം. സൈന്യം ശ്രമം തടയുകയായിരുന്നുവെന്നും റഷ്യൻ അധികൃതർ വിശദീകരിച്ചിട്ടുണ്ട്. റഷ്യൻ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ആക്രമണത്തിൽ പുടിന് പരിക്കേറ്റില്ലെന്നും മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്നും റഷ്യ അധികൃതർ കൂട്ടിച്ചേർത്തു. പുടിനെതിരെ നടന്ന ആക്രമണ ശ്രമത്തെ തീവ്രവാദി ആക്രമണമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ ആധികാരികത ഉറപ്പ് വരുത്തിയിട്ടില്ല
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവന പുറത്ത് വരുന്നതിന് മുമ്പ് തന്നെ പ്രദേശത്ത് ഡ്രോണുകളുടെ ഉപയോഗം റഷ്യ നിരോധിച്ചിരുന്നു. അതേസമയം ഡ്രോൺ ആക്രമത്തിനിടയിലും മെയ് ഒമ്പതിന് വിജയദിവസം ആഘോഷിക്കാൻ റഷ്യ തീരുമാനിച്ചിട്ടുണ്ട്.