തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിനിടെ പൊതുപരിപാടികള്‍ നടത്തിയ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരാണ് മരണത്തിന്റെ വ്യാപാരികളെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എയ്ക്ക് അടക്കം കൊവിഡ് ബാധിച്ചില്ലേ തുടക്ക ദിവസങ്ങളിലാവര്‍ പങ്കെടുത്തത്. എന്നിട്ടുപോലും സമ്മേളനം തുടരുകയാണ്. പാര്‍ട്ടി സമ്മേളനം കുറച്ചുദിവസത്തേക്ക് മാറ്റിവെച്ചാല്‍ ആകാഷം ഇടിഞ്ഞുവീഴുമോ ഇവിടെ ആരാണ് മരണത്തിന്റെ വ്യാപാരികള്‍ പാര്‍ട്ടി സമ്മേളനവും തിരുവാതിരയും നടത്തുന്നവരാണോ അതോ ഉത്തരവാദിത്ത ബോധത്തോടെ പരിപാടികള്‍ മാറ്റിവെച്ച പ്രതിപക്ഷമാണോ വിഡി സതീശന്‍ ചോദിച്ചു.
സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് പിന്നാലെ പൊതുപരിപാടികള്‍ സിപിഐയും റദ്ദാക്കി. ഈ മാസം 31 വരെയുള്ള സിപിഐയുടെ എല്ലാ പൊതുചടങ്ങുകളും സമ്മേളനങ്ങളും റദ്ദാക്കിയതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ നടത്താനിരുന്ന ധര്‍ണയും മാറ്റി. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിപിഐഎമ്മും ബിജെപിയും പൊതുപരിപാടികള്‍ സംഘടിപ്പിച്ചത്. ടിപിആര്‍ 36 ശതമാനം കടന്ന തിരുവനപുരത്ത് സിപിഐഎം ജില്ലാ സമ്മേളനം അടച്ചിട്ട ഹാളില്‍ നടന്നു.
ടിപിആര്‍ 27 കടന്ന തൃശൂരില്‍ സിപിഐഎമ്മിന്റെ തിരുവാതിരയും ബിജെപിയുടെ പ്രതിഷേധ പരിപാടിയും നടന്നു. തൃശൂരില്‍ സംഘടിപ്പിച്ച തിരുവാതിരയില്‍ 80 ഓളം പേരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പങ്കെടുത്തത്. അതേസമയം കൊവിഡ് കണക്കിലെടുത്ത് പൊതുപരിപാടികള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനുപിന്നാലെയാണ് സിപിഐയും തീരുമാനമെടുത്തത്.