ലഖ്നൗ: ഉത്തർപ്രദേശിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിലെ 17 പശുക്കളെ കശാപ്പ് ചെയ്ത നിലയിൽ കണ്ടെത്തി. രണ്ട് ദിവസങ്ങളിലായാണ് ഇറ്റാ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ നിന്ന് 17 പശുക്കളെ അറുത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ 20 പേരടങ്ങുന്ന സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഏഴ് പശുക്കളുടെ ശവശരീരങ്ങൾ പവാസ് ഗ്രാമത്തിലും ബുധനാഴ്ച 10 പശുക്കളുടെ ശവശരീരങ്ങൾ ലഖ്മിപൂർ ഗ്രാമത്തിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഗോശാലയിലെ തൊഴിലാളികളായ ഹൃദേഷ് (50), മകൻ ശിവം ചൗഹാൻ (19), ഗൗരവ് സോളങ്കി (24) എന്നിവരെ സംഘം ആക്രമിക്കുകയും ചെയ്തു. മൂവരും ആശുപത്രിയിൽ ചികിത്സ തേടി. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. ഗോശാലയിൽ നിന്ന് കൊണ്ടുപോയാണ് പശുക്കളെ അറുത്തതെന്ന് സർക്കിൾ ഓഫീസർ പറഞ്ഞു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.
പശുക്കടത്തുമായി ബന്ധപ്പെട്ട സംഘമാണ് പിന്നിലെന്ന് വിശ്വസിക്കുന്നതായി പൊലീസ് പറഞ്ഞു. ഐപിസി 395, 397 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. അതേസമയം, പശുവിനെ കൊല്ലുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബജ്റംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ കളക്ടറേറ്റിന് പുറത്ത് പ്രതിഷേധിച്ചു.