മലപ്പുറം: മലപ്പുറത്ത് നാല് യുവാക്കള്‍ മൂന്നു മാസത്തോളം ജയിലില്‍ കിടന്ന ലഹരിമരുന്ന് കേസില്‍ പിടിച്ചത് എംഡിഎംഎ അല്ലെന്ന് കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ റിപ്പോര്‍ട്ട്. ഇല്ലാത്ത കേസിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടെന്നും കുടുംബബന്ധം തകര്‍ന്നെന്നും യുവാക്കള്‍ പറയുന്നു. സാമ്പിള്‍ പൊലീസ് വീണ്ടും കേന്ദ്ര ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയിലെ കീഴാറ്റൂരില്‍ വെച്ച് മുബഷീര്‍, ഷഫീഖ്, ഉബൈദ് നിഷാദ് എന്നീ നാല് ചെറുപ്പക്കാരെ എംഡിഎംഎ കൈവശം വെച്ചന്ന പേരില്‍ പൊലീസ് പിടികൂടുന്നത്. ഈ കേസില്‍ എണ്‍പത്തിയെട്ട് ദിവസം യുവാക്കള്‍ ജയിലില്‍ കിടന്നു. ഒടുവില്‍ സര്‍ക്കാരിന്റെ കീഴിലുള്ള കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ നിന്നും സാമ്പിളുകളുടെ ഫലം വന്നപ്പോള്‍ നെഗറ്റീവ്. ലഭിച്ച സാമ്പിളുകളില്‍ ലഹരിപദാര്‍ത്ഥമില്ലെന്നും സുഗന്ധ ദ്രവ്യങ്ങളായി ഉപയോഗിക്കുന്ന മരത്തിന്റെ കറയാണെന്നുമാണ് ഫലം. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി എന്‍ഡിപിഎസ് കോടതി യുവാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് യുവാക്കള്‍ കടന്നു പോകുന്നത്. കേസ് കാരണം ഒരാള്‍ക്ക് വിദേശത്ത് ജോലി അവസം നഷ്ടപ്പെട്ടു. ഒരാളുടെ കുടുംബബന്ധം പോലും തകര്‍ന്നെന്നും യുവാക്കള്‍ പറയുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധനയെന്നും എംഡിഎംഎ ആണെന്ന ഉത്തമ ബോധ്യം ഉണ്ടായിരുന്നെന്നുമാണ് പൊലീസ് പക്ഷം. കേന്ദ്ര ലാബോറട്ടറിയിലേക്ക് കൂടി സാമ്പിളില്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നിട്ടില്ല. പൊലീസ് കംപയിന്റ് അതോറിറ്റിയെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും ഒരുങ്ങുകയാണ് യുവാക്കള്‍.