തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് ഇന്ത്യൻ എംബസി അനുകൂല നിലപാട് എടുത്തതിനുശേഷമാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്. സന്ദർശനത്തിന് യുഎഇയിലെ ഇന്ത്യൻ എംബസി അനുമതി നൽകിയിരുന്നതായി പൊതുഭരണവകുപ്പ് അധികൃതർ വ്യക്തമാക്കി. ഫയൽ പരിശോധിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു.
നാലു ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 7ന് അബുദാബിയിലേക്ക് പോകാനാണ് കഴിഞ്ഞമാസം കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയത്. യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകൾ നടത്തുന്ന പരിപാടികളിലും പങ്കെടുക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. സർക്കാരിന്റെ രണ്ടാം വാർഷികം പ്രമാണിച്ച് മലയാളികളുമായി സംവദിക്കാനും തീരുമാനിച്ചിരുന്നു. വിദേശ സന്ദർശനത്തിന് അനുമതി തേടേണ്ട പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയുടെ പകർപ്പ് അതത് രാജ്യത്തെ ഇന്ത്യൻ എംബസിയുടെ ഓഫിസിലും വിദേശകാര്യമന്ത്രാലയത്തിലും ലഭിക്കും.
ഇന്ത്യൻ എംബസിയാണ് സന്ദർശനത്തിന്റെ വിവരങ്ങൾ പരിശോധിച്ച് അനുമതി നൽകേണ്ടത്. പിന്നീട് ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കും. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നല്‍കാമെന്ന നിർദേശത്തോടെ ഇന്ത്യൻ എംബസി ഫയൽ വിദേശകാര്യമന്ത്രാലയത്തിനു കൈമാറിയതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. എന്നാൽ, വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. മന്ത്രിമാർ ഇത്തരം പരിപാടികളിൽ പങ്കെടുക്കേണ്ടെന്നായിരുന്നു നിർദേശം.
വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചാലും മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ യാത്ര നടത്തുന്നതിൽ നിയമപ്രശ്നമില്ല. ഇതര സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ ഇത്തരത്തിൽ യാത്ര നടത്തിയിട്ടുണ്ട്. അനുമതിയില്ലാതെ യാത്ര നടത്തിയാൽ ഇന്ത്യൻ എംബസി പ്രോട്ടോകോൾ പ്രകാരം നൽകുന്ന ക്രമീകരണങ്ങൾ ഉണ്ടാകില്ല. അനുമതി നിഷേധിച്ചതിനെതിരെ കേന്ദ്രത്തിനു പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സർക്കാർ കേന്ദ്രങ്ങൾ പറയുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ഭരണാധികാരികൾക്കും അനുമതി നിഷേധിച്ചതായും അവർ വ്യക്തമാക്കുന്നു.