ലാഹോര്‍: കുപ്രസിദ്ധ കുറ്റവാളിയും ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സ് തലവനുമായ പരംജിത് സിങ് പഞ്ച്‌വാറിനെ വെടിവെച്ച് കൊന്നു. പാകിസ്ഥാനിലെ ലാഹോറില്‍ വെച്ചാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതർ പരംജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ജോഹര്‍ ടൗണിലെ സണ്‍ഫ്‌ളവര്‍ സിറ്റിക്ക് സമീപമുള്ള വീട്ടിലേക്ക് അംഗരക്ഷകരുടെയൊപ്പം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പരംജിത് സിങ്ങിനെ ആക്രമിച്ചത്. വെടിവെപ്പില്‍ പരംജിത്തിന്‍റെ അംഗരക്ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സിഖ് കലാപം, കൊലപാതകം, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നീ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ് 59-കാരനായ പരംജിത് സിങ് പഞ്ച്‌വാര്‍. കേന്ദ്ര സഹകരണ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന പരംജിത് 1986-ലാണ് ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സില്‍ ചേരുന്നത്. 1990-കളില്‍ ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സിന്റെ ചുമതല ഏറ്റെടുത്ത പഞ്ച്‌വാര്‍ തന്റെ കുടുംബത്തെ ജര്‍മനിയിലേക്ക് മാറ്റി. പിന്നീട് പരംജിത് കെസിഎഫിന്റെ ചുമതല ഏറ്റെടുത്ത് പാകിസ്ഥാനിലേക്ക് കടന്നു.
പഞ്ചാബില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടുത്തുന്നതില്‍ കുപ്രസിദ്ധനായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ആയുധക്കടത്തും ഹെറോയിൻ കടത്തും വഴി ധനസമാഹരണം നടത്തി കെസിഎഫിനെ സജീവമാക്കിത് ഇയാളാണ്. മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണ് പഞ്ച്‌വാറിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. പാകിസ്ഥാനിൽ അഭയം പ്രാപിച്ച മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ പരംജിത് സിങ് ഉള്‍പ്പെട്ടിരുന്നു.