ന്യൂഡൽഹി: പി.എഫ്.ഐ ബന്ധം ആരോപിച്ച് സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമായ മുഹമ്മദ് ഷുഹൈബിനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെയോടെ ആറംഗ എ.ടി.എസ് സംഘം വീട്ടിലെത്തി ഷുഹൈബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ രാവിലെ 7.15 ഓടെ വീട്ടിലെത്തുകയും അറസ്റ്റിനുള്ള കാരണം പോലും വ്യക്തമാക്കാതെ ഷുഹൈബിനെ കൊണ്ടുപോയെന്നുമാണ് അദ്ദേഹത്തിന്‍റെ ഭാര്യ മൽക്ക ബി പറയുന്നത്. ഷുഹൈബിനെ വീട്ടിൽ നിന്നും കൊണ്ടുപോവുന്നതിന്‍റെ വിഡിയോ മാധ്യമപ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.
സംഭവത്തിൽ നിരവധി സാമൂഹ്യ പ്രവർത്തകരും മാധ്യമപ്രവർത്തകരും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് 2019 ഡിസംബറിൽ ഷുഹൈബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, 2020 ജനുവരി 15 നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
അതേസമയം, പി.എഫ്.ഐ ബന്ധം ആരോപിച്ച് ഉത്തർപ്രദേശ് തീവ്രവാദ സേന ഞായറാഴ്ച 14 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. മീററ്റ്, ലഖ്‌നോ അടക്കമുള്ള ഏഴോളം സ്ഥലങ്ങളിലെ പി.എഫ്.ഐ കേന്ദ്രങ്ങളിൽ വ്യാപക തെരച്ചിൽ നടന്നു.