തിരുവനന്തപുരം: പണിമുടക്കിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടയുകയോ, കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ജീവനക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ഉത്തരവിട്ടു. ഒരു വിഭാഗം ജീവനക്കാർ ഞാറാഴ്ച രാത്രി 12 മണി മുതൽ 24 മണിക്കൂറാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സമരം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കി കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് സർക്കാരും, ഇത്തരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, മൂന്നു ദിവസത്തെ ഡയസ്നോൺ മാത്രമല്ല, ഇത് കൊണ്ട് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പണിമുടക്കുന്ന തൊഴിലാളികളിൽ നിന്നു തന്നെ ഈടാക്കുമെന്നും മാനേജിങ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
പണിമുടക്കിന്റെ ഭാഗമായി ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂനിറ്റ് ഓഫീസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കണം. പണിമുടക്കുന്ന ജീവനക്കാരിൽ നിന്നും സർവീസ് തടസപെടുന്നതുമൂലമുള്ള നഷ്ടം ഈടാക്കുന്നതാണ്. സമാധാനപരമായി സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്.
എന്നാൽ, ഏതെങ്കിലും കാരണവശാൽ പൊതുമുതൽ നശിപ്പിക്കുകയോ, ജനങ്ങൾക്ക് യാത്ര സൗകര്യം നിഷേധിക്കുകയോ ചെയ്താൽ കെ.എസ്.ആർ.ടി.സി ക്കോ സർക്കാരിനോ വെറുതെ ഇരിക്കാനാവില്ല. ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നതും, ഏറ്റവും കൂടുതൽ ജനങ്ങൾ യാത്ര ചെയ്യുന്നതുമായ തിങ്കളാഴ്ച തന്നെ ഈ പണിമുടക്കിന് വേണ്ടി തിരഞ്ഞെടുക്കുക വഴി ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന കെ.എസ്.ആർ.ടി.സിയെ കൂടുതൽ അവതാളത്തിലേക്ക് ചവിട്ടി താഴ്ത്തുക എന്നതാണ് സമരം ചെയ്യുന്നവരുടെ ലക്ഷ്യം.
മുൻകാലങ്ങളിൽ ഈ സ്ഥാപനത്തിൽ നടത്തിയ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാരണം ആണ് ഈ സ്ഥാപനം ഇന്നത്തെ നിലയിൽ എത്തിയതെന്ന് ഇനിയും മനസിലാക്കാത്ത ജീവനക്കാർ ഈ സ്ഥാപനത്തിൽ ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണ് ഈ പണിമുടക്ക്. അത് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന തിങ്കളാഴ്ച തന്നെ തെരഞ്ഞെടുത്തത് യാത്ര ചെയ്യുന്ന 22 ലക്ഷത്തോളം യാത്രാക്കാരെ ബുദ്ധിമുട്ടിക്കുകയും എന്ന ലക്ഷ്യം നേടാൻ വേണ്ടി മാത്രമാണ്. ചെയ്ത് സമരം ചെയ്യുന്നവർക്ക് എതിരെ ഒരു കാരണവശാലും ഇനി മൃദുസമീപനം സ്വീകരിക്കുകയില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
സമരത്തെ നേരിടാൻ എല്ലാ ഡിപ്പോയിലും ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കാൻ ഡി.ജി.പിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും രീതിയിൽ ബസുകൾ തടയുകയോ, അക്രമ സ്വഭാവം കാണിക്കുകയോ ചെയ്യുന്ന ജീവനക്കാർ ഉണ്ടെങ്കിൽ അവർക്കെതിരെ ഉടൻതന്നെ നടപടിയെടുക്കാൻ അതാത് യൂനിറ്റ് ഓഫീസർമാർ ഉടൻ തന്നെ റിപ്പോർട്ട് അയക്കണം എന്ന് നിർദേശിച്ചിട്ടുണ്ട് . കൂടാതെ സമരം ആരംഭിക്കുന്നതിന് മുൻപ് ഞാറാഴ്ച മുതൽ സമരം അവസാനിക്കുന്ന ചൊവ്വാഴ്ച വരെ യൂനിറ്റ് ഓഫീസർമാർ അതാത് യൂനിറ്റുകളിൽ കാമ്പ് ചെയ്യണമെന്നും മാനേജ്മെന്റ് നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ ബദലി ജീവനക്കാരും ഹാജരാകണം. ആവശ്യമെങ്കിൽ സ്വിഫ്റ്റിന്റെ അവധിയിലുള്ള ജീവക്കാരെയും ഉപയോഗിച്ച് തിങ്കളാഴ്ച യാത്ര ചെയ്യുന്ന യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ യാത്ര ചെയ്യാൻ അവസരമൊരുക്കേണ്ടതാണ് എന്ന് യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സർവീസ് മുടക്കുന്ന ഓഫീസർമാരുടെ പേരിലും കർശന നടപടി എടുക്കും.
നഷ്ടം നേരിടുന്ന കെ.എസ്.ആർ.ടി.സി യിൽ മൂന്ന് വർഷമായി പണിമുടക്കിൽ ഏർപ്പെടില്ലെന്ന് അംഗീകൃത യൂനിയനുകളും, മാനേജ്മെന്റും തമ്മിൽ അലിഖിതമായ ധാരണയായിരുന്നു ഇത് വരെ ഉണ്ടായിരുന്നത്. സാമ്പത്തിക നഷ്ടം നേരിടുന്ന ഈ സ്ഥാപനത്തിൽ ഓരോ ദിവസത്തെ വരുമാനം നിന്നും ചെല്ലാന് കഴിഞ്ഞുള്ള തുക ഉപയോഗിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാനും, അവശത അനുഭവിക്കുന്ന ജീവക്കാരുടെ ക്ഷേമത്തിനുമാണ് നൽകിയിരുന്നത്. ശമ്പളം രണ്ട് തവണയായിട്ടാണെങ്കിൽ പോലും എല്ലാ മാസവും നൽകിയിട്ടുണ്ട്. സമരം ചെയ്തു ചെയ്‌തു ഈ സ്ഥാപനത്തെ നശിപ്പിച്ചാൽ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാം എന്ന് കരുതിയവരും ഇപ്പോൾ കരുതുന്നവരും ശമ്പളം ഒറ്റ ഗഡുവായി കൊടുത്താൽ മറ്റൊരു കാരണം ചൂണ്ടിക്കാട്ടി സമരവും പണിമുടക്കും ചെയ്യും.
തിങ്കളാഴ്ച തന്നെ സമരത്തിന് തിരഞ്ഞെടുത്തത് കെ.എസ്.ആർ.ടി.സി ജീവനക്കാരോട് മാത്രമല്ല കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നാണ് മാനേജ്മെന്റിന്റെ വീക്ഷണം. പരമാവധി ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്നുള്ളവരാണ് തിങ്കഴാഴ്ച തന്നെ സമരത്തിന് തിരഞ്ഞെടുത്തത്. കെ.എസ്.ആർ.ടി.സി യെ ഒരുതരത്തിലും രക്ഷപെടാൻ അനുവദിക്കില്ല എന്ന നിര്ബന്ധ ബുദ്ധിയാണ് ഈക്കൂട്ടർക്കു.
തിങ്കളാഴ്ച കിട്ടുന്ന ഏഴു കോടി രൂപയും ബാക്കി സമരം ചെയ്യുന്നതിലെ കൂടെ 12 -15 കോടി രൂപയോളം രൂപ നഷ്ടം വരുത്തി 22 ലക്ഷം ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ കെ.എസ്.ആർ.ടി.സിയിൽ നിന്നും ശമ്പളം കൃത്യമായി എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് കിട്ടുമെന്ന് കരുതുന്ന ജീവക്കാർ കെ.എസ്.ആർ.ടി.സിയിൽ ഉണ്ടാകാൻ ഇടയില്ലെന്നാണ് മാനേജ്മെന്റ് കരുതുന്നത്.
നാളിതുവരെ സാമ്പത്തിക ബുദ്ധിമുട്ടിന് ഇടയിലും, പല ജീവനക്കാരിൽ നിന്നും അസഭ്യവർഷം പോലെയുള്ള പ്രകോപനകരമായ പ്രവർത്തികൾ ഉണ്ടായിട്ടും, മികച്ച തൊഴിലാളി ബന്ധം പുലർത്തണമെന്ന ആഗ്രഹം കൊണ്ട് മാത്രം ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെയുള്ള ശിക്ഷണ നടപടികളിൽ മൃദുസമീപമാണ് എടുത്തിരുന്നതെന്നും മാനേജ് മെന്റ് അറിയിച്ചു.